ഗാസ സിറ്റി; ഹമാസിന്റെ നയങ്ങളും പ്രവൃത്തികളും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുറന്നടിച്ച് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂരോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മഹ്മൂദ് അബ്ബാസ് നിലപാട് വ്യക്തമാക്കിയത്.
പലസ്തീന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ജനങ്ങൾക്ക് നാശം വരുത്തുന്ന സംഘർഷം അവസാനിപ്പിക്കണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷങ്ങളെ പൂർണമായി തളളിക്കളുന്നതായും മഹ്മൂദ് അബ്ബാസ് പറഞ്ഞതായി വാർത്താ ഏജൻസി വാഫ റിപ്പോർട്ട് ചെയ്യുന്നു.
പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ആണ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്ന ഏക സംഘടനയെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ നയങ്ങളും നിലപാടുകളുമാണ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നത് അല്ലാതെ മറ്റൊരു സംഘടനയുമല്ലെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞതായും വാർത്താക്കുറിപ്പിൽ ഏജൻസി വ്യക്തമാക്കി.
ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിന്റെ മണ്ണിലേക്ക് നുഴഞ്ഞുകയറി സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്ന ഇസ്രായേലികളെ ഉൾപ്പെടെ കൂട്ടത്തോടെ വധിച്ചത്. ഇതോടെ ഇസ്രയേലും ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഹമാസിന്റെ ഒളിത്താവളങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഹമാസിന്റെ ഭീകരപ്രവൃത്തിയെ വെള്ളപൂശാൻ പലസ്തീൻ ജനതയ്ക്ക് വേണ്ടിയുളള പോരാട്ടമായി ചിത്രീകരിക്കുന്നതിനിടെയാണ് മഹ്മൂദ് അബ്ബാസിന്റെ വാക്കുകൾ.
Discussion about this post