കൊച്ചി: സിപിഎം മാടായി ഏരിയ കമ്മിറ്റിയും എതിരായ സ്ഥിതിക്ക് നമുക്ക് ഇനി യുദ്ധം നിർത്തിയേ പറ്റൂ. സംഗതി ട്രോളാണ്. പക്ഷെ ട്രോളിന് കാരണമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. പലസ്തീനെ രക്ഷിക്കുക എന്ന ബാനറുമായി കഴിഞ്ഞ ദിവസം സിപിഎം മാടായി ഏരിയ കമ്മിറ്റി പ്രകടനം നടത്തിയിരുന്നു. ഇതാണ് ട്രോളൻമാർക്ക് ആഘോഷമായത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൊസാദിന്റെ തലവനോട് പറയുന്ന ഡയലോഗ് ആണ് യുദ്ധം നിർത്തണമെന്ന്. അതും മാടായി ഏരിയ കമ്മിറ്റിയും എതിരായ സ്ഥിതിക്ക് നിർത്താതെ മറ്റ് വഴിയില്ലെന്നാണ് പറയുന്നത്. പഴയങ്ങാടിയിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് സിപിഎം പ്രതിഷേധം നടന്നത്. കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയായിരുന്നു ഉദ്ഘാടനം. പലസ്തീനിൽ സമാധാനം ഉറപ്പാക്കണമെന്നും യുഎൻ കരാർ നടപ്പാക്കണമെന്നും പറഞ്ഞായിരുന്നു പ്രകടനം.
ഇസ്രായേൽ വിഷയത്തിൽ നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പലസ്തീൻ ജനത അനുഭവിച്ച കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് ഇസ്രായേലിന് നരേന്ദ്രമോദി ചാടിക്കയറി പിന്തുണ പ്രഖ്യാപിച്ചതെന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ പി.കെ ശ്രീമതിയുടെ ആരോപണം.
മൂന്ന് ദിവസം മുൻപ് നടന്ന പരിപാടിയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ട്രോളൻമാരും സംഗതി കൊഴുപ്പിച്ചത്. പലസ്തീനിലെ വൈദ്യുതി പുനസ്ഥാപിക്കാൻ സിപിഎം പ്രകടനം നടത്തുമ്പോൾ ഇവിടെ ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ മൊബൈൽ ഫ്‌ളാഷ് വെളിച്ചത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന വാർത്തയോട് ചേർത്തുവെച്ചും ട്രോളുകൾ ഇറങ്ങിയിട്ടുണ്ട്.
Discussion about this post