ജെറുസലേം: ഇസ്രായേലിന് പൂർണ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്ത് എത്തി. വിമാനത്താവളത്തിലെത്തിയ യുഎസ് പ്രസിഡന്റിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. യുദ്ധത്തിന്റെ 12 ാം ദിനത്തിലാണ് ജോ ബൈഡൻ ഇസ്രായേലിലെത്തുന്നത്.
ഇസ്രായേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.
ഗാസയിലെ ആശുപത്രിയിലുണ്ടായ അതിക്രമത്തെ ജോ ബൈഡൻ അപലപിച്ചിരുന്നു. മനുഷ്യരുടെ ജീവനാണ് യുഎസ് പ്രാധാന്യം നൽകുന്നതെന്നും കടുത്ത അമർഷമുണ്ടെന്നും ബൈഡൻ പ്രതികരിച്ചിരുന്നു.
നേരത്തെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം ഗാസയിലേക്ക് മാനുഷിക ഇടനാഴി അനുവദിച്ച് ഇസ്രായേൽ. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തെക്കൻ ഗാസയിൽ മാനുഷിക ഇടനാഴി സ്ഥാപിക്കുമെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. ഗാസയിലെ വെസ്റ്റ് ഖാൻ യൂനിസിലാണ് മാനുഷിക ഇടനാഴി സ്ഥാപിക്കുക.ഗാസ മുനമ്പിലെ പലസ്തീനികൾക്കായി എല്ലാ അന്താരാഷ്ട്ര സഹായങ്ങളും ഇവിടെ നൽകും.ഇസ്രായേൽ സൈന്യവും പ്രതിരോധ സേനയും മാനുഷിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഗാസയിലേക്ക് സഹായം അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
Discussion about this post