തിരുവനന്തപുരം; ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഭിമാന നേട്ടം സ്വന്തമാക്കിയിട്ടും പിറന്നനാട് മതിയായ പരിഗണന നൽകാത്തത് കായിക താരങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശിച്ചിരുന്നു. പല താരങ്ങളും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങൾക്കായി മത്സരിക്കുമെന്നും തീരുമാനമെടുത്തിരുന്നു. ഇത് സംസ്ഥാന സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയതിന് പിന്നാലെയാണ് പാരിതോഷിക പ്രഖ്യാപനം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളിമെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലമെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകുക. സമ്മാനത്തുകയിൽ 25 ശതമാനമാണ് വർദ്ധനവ്. ഏഷ്യൻ ഗെയിംസ് അവസാനിച്ച് പത്ത് ദിവസങ്ങൾക്കു ശേഷമാണ് സംസ്ഥാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ബാഡ്മിൻറൺ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾ ജംപ് താരങ്ങളായ എൽദോസ് പോൾ,അബ്ദുല്ല അബൂബക്കർ എന്നിവർ കേരളം വിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പ്രതികരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് കോടികൾ പാരിതോഷികം നൽകുമ്പോൾ കേരള സർക്കാർ പൂർണമായും അവഗണിക്കുകയാണെന്ന് ഇന്ത്യൻ ഹോക്കി താരം ശ്രീജേഷ് ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് മന്ത്രിസഭ തീരുമാനം.
Discussion about this post