ഗാസ സിറ്റി; ഗാസയിലെ സാധരണക്കാരായ ജനങ്ങൾക്ക് മാനുഷീക സഹായമെത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പക്ഷെ അത് ഹമാസ് ഭീകരർ പിടിച്ചെടുത്താൽ അവിടെ അവസാനിക്കുമെന്നും ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാരണം ഞങ്ങൾ ഹമാസിന് സഹായം നൽകുന്നില്ലെന്ന് ആയിരുന്നു ബൈഡന്റെ മറുപടി.
ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസിയുമായി ബൈഡൻ നടത്തിയ ചർച്ചയിലാണ് അവശ്യസാധനങ്ങളുമായി 20 ട്രക്കുകൾ കടത്തിവിടാൻ സമ്മതം ലഭിച്ചത്. കൂടുതൽ ട്രക്കുകൾ സഹായവുമായി ഗാസയിലെത്തിക്കാനാണ് ശ്രമം. ട്രക്കുകൾ അതിർത്തി കടന്നാൽ യുഎൻ സംഘടന സഹായങ്ങൾ ഏറ്റുവാങ്ങി വിതരണം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രായേലിന്റെ സമ്മതത്തോടെയാണ് സഹായം എത്തിക്കുന്നത്.
ഹമാസ് ഭീകരാക്രമണത്തിന് ഇരകളായ ഇസ്രായേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ ശേഷം മടങ്ങവേ ആയിരുന്നു ബൈഡന്റെ പ്രതികരണം. ഗാസയിലേക്ക് സഹായമെത്തിക്കാൻ വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തികളിൽ കാത്തു കിടക്കുന്നത്. അധികം വൈകാതെ കൂടുതൽ ട്രക്കുകൾ അതിർത്തി കടത്തിവിടാൻ സൗകര്യം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര ഏജൻസികൾ.
പലസ്തീനികളിൽ ഭൂരിഭാഗവും ഹമാസിനെ അനുകൂലിക്കുന്നവർ അല്ലെന്നും ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും ജോ ബൈഡൻ എക്‌സിൽ നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. ഭീകരവാദികൾ ഒരിക്കലും വിജയിക്കില്ല. സ്വാതന്ത്ര്യമാണ് വിജയിക്കുകയെന്നും ബൈഡൻ കുറിച്ചു. ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്കായി 100 മില്യൻ യുഎസ് ഡോളറിന്റെ സഹായവും ബൈഡൻ പ്രഖ്യാപിച്ചു.
ഗാസ മുനമ്പിൽ നിന്നുളള കൂടുതൽ അഭയാർത്ഥികളെ ഉൾക്കൊളളാനാകില്ലെന്ന നിലപാടിലാണ് ഈജിപ്ത്. ജോർദ്ദാനിലേക്ക് കുടിയേറുന്ന പലസ്തീനികളുടെ ഇടത്താവളമാണ് ഈജിപ്ത്. അതുകൊണ്ടു തന്നെ അതിർത്തികൾ തുറക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന വിലയിരുത്തലാണ് ഈജിപ്തിനുളളത്.
Discussion about this post