ന്യൂഡൽഹി: ഇൻഡി സഖ്യ നേതാക്കളുടെ ഹമാസ് ആഭിമുഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹമാസിനോട് അത്രയ്ക്ക് സ്നേഹമാണെങ്കിൽ നേതാക്കൾ യുദ്ധം ചെയ്യാൻ സ്വന്തം മക്കളെ ഗാസയിലേക്ക് അയക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന് മറുപടി പറയുകയായിരുന്നു ശർമ്മ.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ നിലപാട് പലസ്തീനൊപ്പമായിരുന്നു എന്ന് മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ശരദ് പവാർ പറഞ്ഞിരുന്നു. ജവഹർലാൽ നെഹ്രുവും രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയും അടൽ ബിഹാരി വാജ്പേയിയും സ്വീകരിച്ചിരുന്ന നിലപാടുകൾ പലസ്തീനെ സഹായിക്കുന്നതായിരുന്നു. എൻസിപി നിലകൊള്ളുന്നത് ഭൂമിയുടെ യഥാർത്ഥ അവകാശികൾക്കൊപ്പമാണെന്നും ശരദ് പവാർ പറഞ്ഞിരുന്നു.
ശരദ് പവാറിന്റെ നിലപാടിനെ വിമർശിച്ച് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നിതിൻ ഗഡ്കരിയും നേരത്തേ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. ഹമാസിനോട് അത്രയ്ക്ക് സ്നേഹമാണെങ്കിൽ അവർക്ക് വേണ്ടി പോരാടാൻ ശരദ് പവാർ സ്വന്തം മകളെ ഗാസയിലേക്ക് അയക്കട്ടെ എന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്.
അതേസമയം ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ നേരത്തേ രംഗത്ത് വന്നിരുന്നു. പലസ്തീന്റെ അസ്തിത്വത്തെ ഇന്ത്യ അംഗീകരിക്കുന്നു. എന്നാൽ ഭീകരവാദത്തെ ഒരിക്കലും ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിൽ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് നമ്മുടെ കരുതലും പ്രാർത്ഥനകളും. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post