ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരായ സിബിഐ കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹർജി കോടതി തള്ളി.
കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് മൂന്ന് മാസം സമയവും ജസ്റ്റിസ് നടരാജൻ അനുവദിച്ചു. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നേരത്തേ ഏർപ്പെടുത്തിയിരുന്ന ഇടക്കാല സ്റ്റേയും ഇതോടെ നീങ്ങി.
2013 മുതൽ 2018 വരെയുള്ള കാലയളവിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് കാട്ടി 2020 ഒക്ടോബർ 3നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 2013 ഏപ്രിലിൽ 33.92 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ശിവകുമാറിന്റെയും കുടുംബത്തിന്റെയും ആസ്തി 2018 ആയപ്പോഴേക്കും 162.53 കോടിയായി ഉയർന്നു. ഈ കാലയളവിൽ ഇവരുടെ വസ്തുവകകളുടെ മൂല്യത്തിൽ 128.6 കോടിയുടെ വർദ്ധനവാണ് ഉണ്ടായത്.
അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമേ ഖനന അഴിമതി, റിയൽ എസ്റ്റേറ്റ് അഴിമതി എന്നിവയിലും ശിവകുമാറിന് നേരെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.
Discussion about this post