പത്തനംതിട്ട: ഓരോ ശബരിമല സീസണിലും വികസന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാകുമ്പോള്‍ ദുരിതമനുഭവിക്കുന്നത് പാവം ഭക്തരാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല ഭരണ പരിഷ്‌കാരങ്ങളില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. അത്തരത്തിലൊരു പ്രതിഷേധമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്. സര്‍ക്കാര്‍ വക ശബരിമല യാത്ര സുഗമമാക്കല്‍ പദ്ധതി ഭക്തരെ ദുരിതത്തിലേക്ക് തള്ളി വിടുകയാണെന്ന് കുറിക്കുന്നു. പോരൂര്‍ സ്വദേശി ഹരി കൃഷ്ണനാണ് ശബരിമല യാത്രയിലെ സര്‍ക്കാര്‍ നടപടികളിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് പോസ്റ്റിട്ടത്.
ശബരിമല യാത്ര സുഗമമായിരുന്നില്ല എന്നും സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഉപദ്രവമായതെന്നും ഹരികൃഷ്ണന്‍ കുറിക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാത്തതിനാല്‍ തിങ്ങി നിറഞ്ഞ കെഎസ്ആര്‍ടിസി ബസില്‍ തറയിലിരുന്ന് കുട്ടികളുമായി യാത്ര ചെയ്യേണ്ടി വന്നു. ഇത്തരത്തില്‍ അറവുമാടുകളെ കൊണ്ടു പോകുന്നത് പോലെ ശബരിമല ഭക്തരെ കൊണ്ടു പോകുന്നത് കോടികള്‍ ഉണ്ടാക്കന്‍ ആണെന്നറിയാമെന്നും മനുഷ്യത്വം എന്നൊന്ന് സര്‍ക്കാരിന്റെ നിഘണ്ടുവില്‍ ഇല്ലേ എന്നും ഹരികൃഷ്ണന്‍ ചോദിക്കുന്നു. ഇത്തരത്തിലൊരു അനീതി നടന്നിട്ടും ആരും പ്രതികരിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണോ ഇത് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ശബരിമലക്ക് പോയി വന്നു യാത്രയൊക്കെ സുഖമായി ന്ന് പറയാന്‍ നിവര്‍ത്തി ഇല്ല. കാരണം യാത്രയില്‍ പറ്റുന്ന പോലെയൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചിരുന്നു.
14 സീറ്റുള്ള ട്രാവലര്‍ വണ്ടിയില്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍.. തുടങ്ങി കുറെ ക്ഷേത്രങ്ങളില്‍ തൊഴുതു യാത്ര തുടര്‍ന്നു. വണ്ടി നിലയ്ക്കല്‍ എത്തിയപ്പോള്‍ പോലീസ് വണ്ടി തടഞ്ഞു. ഇനി കെഎസ്ആര്‍ടിസിയില്‍ പോയാല്‍ മതി എന്ന്. കാരണം എന്താണെന്നു ചോദിച്ചപ്പോള്‍ അനാവശ്യമായ ബ്ലോക്ക് ഒഴിവാക്കാനും അത് വഴി യാത്ര സുഗമം ആക്കാനും ആണത്രേ. ആ സര്‍ക്കാര്‍ നടപടിയോട് നല്ല അമര്‍ഷം ഉണ്ടായിരുന്നെങ്കിലും സഹകരിച്ചു!
അങ്ങനെ ഞങ്ങടെ വണ്ടി ഒതുക്കി കെഎസ്ആര്‍ടിസി കാത്തു നിന്ന്, ബസില്‍ കയറി. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ബസ് ചാര്‍ജ് 80രൂപ. ടിക്കറ്റ് ചാര്‍ജ് കേട്ടപ്പോ തന്നെ സര്‍ക്കാരിന്റെ ‘സുഗമമാക്കല്‍ ‘താല്പര്യം മനസിലായി. ഒന്നും മിണ്ടിയില്ല പൈസയും കൊടുത്തു യാത്ര തുടര്‍ന്നു. എന്നാല്‍ തിരിച്ചു വന്നപ്പോ ഉണ്ടായ ദുരവസ്ഥ പറയാന്‍ ആണ് ഈ പോസ്റ്റ്.
മാലയിട്ട് മലക്ക് പോവുമ്പോ, പമ്പ മുതല്‍ സന്നിധാനം വരെയും, തിരിച്ചും ഉള്ള നടത്തം ഒരാളെ മാനസികമായും ശരീരികമായും സ്ഫുടം ചെയ്‌തെടുക്കുന്ന ഒന്നാണ്. വിളിക്കുന്ന ശരണ മന്ത്രങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രം ആ പരീക്ഷണങ്ങളെ മറികടന്നാണ് ആ യാത്ര എന്ന് ശബരിമലക്ക് പോയ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അങ്ങനെ മല ചവിട്ടി തിരിച്ചതിറങ്ങി പമ്പയില്‍ എത്തുന്ന ഭക്തര്‍ അവശരായിരിക്കും. ഞങ്ങളുടെ കൂടെ മാളികപ്പുറമായി എന്റെ ഏട്ടന്റെ നാല് വയസ്സുകാരി മകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളെയും എടുത്തു നടന്ന് ക്ഷീണിച്ചാണ് സഹോദരന്‍ പമ്പയില്‍ തിരിച്ചെത്തിയത്. ഒപ്പം കൂടെയുണ്ടായിരുന്ന പ്രായമായ പലരും ഏറെ അവശരായിരുന്നു.
ഈ സമയത്ത് നിലയ്ക്കലിലേക്ക് പോവാന്‍ കെഎസ്ആര്‍ടിസി കാത്തു നിന്നു. നല്ല വെയില്‍ തന്നെ. വെയിലും കൊണ്ട് നിന്നു, വേറെ വഴിയില്ലല്ലോ.
ആ വെയിലത്തു കാത്ത് നിക്കേണ്ട കാര്യമില്ലായിരുന്നു സ്വന്തം വണ്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ എല്ലാരും ഓര്‍ത്തു. 2 ബസ് നോക്കി, അതിലെല്ലാം രക്ഷയില്ലാത്ത തിരക്ക്. ഒടുക്കം മൂന്നാമത്തെ വണ്ടിക്ക് രണ്ടും കല്പിച്ചു കേറി. എല്ലാവരും തിക്കിയും തിരക്കിയും ഇടിച്ചു കേറുന്നു. ഞങ്ങളും എങ്ങനെയോ കയറി. യാത്രയുടെ ക്ഷീണം കൊണ്ട് കുട്ടി ഉറങ്ങിയിരുന്നു. കുറെ നേരം അവളെയും എടുത്തു നിന്നു. പിന്നെ കുറെ കഴിഞ്ഞപ്പോ നിലത്തു അങ്ങട് ഇരുന്നു. ഏതൊക്കെയോ യാത്രക്കാരുടെ ചവിട്ടും കൊണ്ട്. ഇങ്ങനെ ആണ് സര്‍ക്കാര്‍ യാത്ര സുഗമം ആക്കുന്നത് എങ്കില്‍ ആ സുഖം ഇവിടെ ആര്‍ക്കും വേണ്ട.
ഞങ്ങള്‍ വിളിച്ച ട്രാവലര്‍ നിലയ്ക്കലില്‍ പിടിച്ചിട്ടിട്ട്, ഞങ്ങളെ അറവുമാടുകളെ പോലെ കൊണ്ടു പോകുന്നത് കോടികള്‍ ഉണ്ടാക്കാന്‍ ആണെന്ന് അറിയാം. എങ്കിലും മനുഷ്യത്വം എന്നൊരു വാക്ക് ഈ സര്‍ക്കാരിന്റെ നിഘണ്ടുവില്‍ ഇല്ലേ? എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്? മാലയിട്ട് ശബരിമലക്ക് പോയതോ? ഞങ്ങളെ പോലെ ഈ വരുന്ന മണ്ഡല സീസണില്‍ എത്ര പേര് ഇനി ഈ അനീതി അനുഭവിക്കാന്‍ കിടക്കുന്നു. ഇവിടെ ആര്‍ക്കും എന്തും ചെയ്യാം എന്നാണോ. അതോ ആരും പ്രതികരിക്കില്ല എന്ന ഉറപ്പാണോ.
Discussion about this post