പൂനെ: ലോകകപ്പ് ക്രിക്കറ്റിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തുകൾ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം.
ബംഗ്ലാദേശ് ഉയർത്തിയ 257 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. പുറത്താകാതെ വിരാട് കൊഹ്ലി നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 97 പന്തിൽ 103 റൺസാണ് കൊഹ്ലി സ്വന്തമാക്കിയത്. ശുഭ്മാൻ ഗിൽ 55 പന്തിൽ 53 റൺസും രോഹിത് ശർമ്മ 40 പന്തിൽ 48 റൺസും നേടി. ശ്രേയസ് അയ്യർ 19 റൺസെടുത്ത് പുറത്തായപ്പോൾ രാഹുൽ 34 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി ഓപ്പണർമാരായ തൻസീദ് ഹസനും ലിറ്റൺ ദാസും മികച്ച തുടക്കമാണ് നൽകിയത്. തൻസീദ് ഹസൻ 43 പന്തിൽ 51 റൺസും ലിറ്റൺ ദാസ് 82 പന്തിൽ 66 റൺസുമെടുത്തു. മധ്യനിരയിൽ 36 പന്തിൽ 46 റൺസെടുത്ത മഹമൂദുള്ളയും 46 പന്തിൽ 38 റൺസെടുത്ത മുഷ്ഫിക്കർ റഹീമും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്.
ജസ്പ്രീത് ബൂമ്രയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഈ വിജയത്തോടെ ലോകകപ്പിൽ കളിച്ച നാല് കളികളിലും വിജയിച്ച് എട്ട് പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡ് ആണ് ഇന്ത്യയ്ക്ക് മുൻപിൽ.
Discussion about this post