ശ്രീനഗർ: ജമ്മു കശ്മീരിന്റെ വികസനത്തിന് വന്ദേഭാരതിന്റെ വേഗം പകർന്ന് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായ രീതിയിൽ കശ്മീരിനും വന്ദേഭാരത് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം മാർച്ചോട് കൂടി 75 വന്ദേഭാരത് എക്പ്രസ് തീവണ്ടികളുടെ സർവ്വീസാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
അടുത്ത സാമ്പത്തിക വർഷത്തിൽ കശ്മീരിൽ പുതിയ വന്ദേഭാരത് തീവണ്ടി സർവ്വീസ് ആരംഭിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് പറഞ്ഞു. ജമ്മു- ശ്രീനഗർ റൂട്ടിലായിരിക്കും സർവ്വീസ്. ഈ പാതയുടെ നവീകരണങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷത്തോട് കൂടി ഇത് പൂർത്തിയാകും. ഇതോടെ തീവണ്ടി സർവ്വീസിനും തുടക്കമാകുമെന്നു അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
മറ്റ് വന്ദേഭാരത് തീവണ്ടികളിൽ നിന്നും ചില മാറ്റങ്ങൾ കശ്മീരിലെ വന്ദേഭാരതിന് ഉണ്ടാകും. കശ്മീരിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ആകും പുതിയ തീവണ്ടിയുടെ നിർമ്മാണം. എങ്കിൽ മാത്രമേ സുഗമമായ യാത്ര സാദ്ധ്യമാകൂ. കശ്മീരിന്റെ ഭൂപ്രകൃതി മറ്റ് ഭാഗങ്ങളിൽ നിന്നും വ്യാത്യാസപ്പെട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന് പുറമേ വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിലേക്കും സർവ്വീസ് ആരംഭിക്കും. ഇവിടുത്തെ റെയിൽ പാതകൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷമാകും വന്ദേഭാരത് തീവണ്ടികൾ ഓടിത്തുടങ്ങുക.
വന്ദേഭാരത് തീവണ്ടികൾ സർവ്വീസ് ആരംഭിച്ചതിന് പിന്നാലെ തീവണ്ടി യാത്രികരിൽ സർവ്വേ നടത്തിയിരുന്നു. ഇതിൽ യുവാക്കൾക്കും വയോധിതകർക്കുമിടയിൽ വന്ദേഭാരത് തീവണ്ടികൾ പ്രിയപ്പെട്ടതായി വ്യക്തമായി. ഇതേ തുടർന്നാണ് കൂടുതൽ തീവണ്ടി സർവ്വീസുകൾ ആരംഭിക്കുന്നത് എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Discussion about this post