കേരളത്തിൽ ധാരാളമായി ലഭിക്കുന്നതും എന്നാൽ പലരും വേണ്ടത്ര ഉപയോഗിക്കാറില്ലാത്തതുമായ ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. എന്നാൽ ശരിക്കും ഈ കുമ്പളങ്ങ ഒരു മാജിക് പച്ചക്കറി ആണെന്ന് നിങ്ങൾക്കറിയാമോ? ഔഷധഗുണവും പോഷകഗുണവും ഒരുപോലെ അടങ്ങിയിട്ടുള്ളതാണ് കുമ്പളങ്ങ. ചില രോഗങ്ങളെ ഇല്ലാതാക്കാനും ചില രോഗങ്ങൾ വരാതെ സൂക്ഷിക്കാനും എല്ലാം കുമ്പളങ്ങയ്ക്ക് കഴിവുണ്ട്. ശരീരഭാരം നിയന്ത്രിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും കുമ്പളങ്ങ സഹായിക്കുന്നതാണ്.
പുരാതന കാലത്തേ ആയുർവേദ ഗ്രന്ഥങ്ങളിൽ കുമ്പളങ്ങയുടെ ഔഷധഗുണങ്ങളെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ കുമ്പളങ്ങ ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ്. ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഏറെ അനുയോജ്യമാണ് കുമ്പളങ്ങ. ആമാശയത്തിലെയും കുടലിലെയും അൾസർ തടയാനും ഇത് സഹായിക്കുന്നു.
അസിഡിറ്റിയെ ചെറുക്കാനും ദഹനനാളത്തിലെ അണുബാധയും അതുവഴി ദഹനക്കേടും തടയാനും കുമ്പളങ്ങ സഹായകരമാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും നല്ല മാർഗ്ഗമാണ് കുമ്പളങ്ങ ജ്യൂസ് ആക്കി കഴിക്കുന്നത്. അതിൽ ധാരാളം പോഷകങ്ങളും 96% വെള്ളവുമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കുന്നതാണ്.
വൃക്കയിലെ ആന്തരിക രക്തസ്രാവം കാരണം മൂത്രത്തിലൂടെ രക്തം പുറത്തുവരുന്ന അവസ്ഥയായ ഹെമറ്റൂറിയ, അൾസർ കാരണമുള്ള രക്തസ്രാവം, പൈൽസ് , മറ്റ് ആന്തരിക രക്തസ്രാവങ്ങൾ തുടങ്ങിയ അവസ്ഥകൾക്കും കുമ്പളങ്ങ മികച്ച പരിഹാരമാണ്. അപസ്മാരം , ഉത്കണ്ഠ , ഉറക്കമില്ലായ്മ , ന്യൂറോസിസ്, തുടങ്ങിയ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകൾ ലഘൂകരിക്കാനും കുമ്പളങ്ങ ഉപയോഗിക്കുന്നു. ഒരു ദിവസം ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് എല്ലാ സമ്മർദ്ദങ്ങളെയും നേരിടാനും ശാന്തരാക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കുമ്പളങ്ങ ജ്യൂസിലെ ഉയർന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കുന്നു.
Discussion about this post