എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി സജാലാൽ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസ് എടുത്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടി പീഡനത്തിന് ഇരയായത്. കളിക്കുന്നതിനിടെ രണ്ട് പേർ ചേർന്ന് കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയതായി അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. ഇത് പ്രകാരം സജാലിനെയും മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പെരുമ്പാവൂർ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവഡ് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവർ. ഇവിടുത്തെ തന്നെ തൊഴിലാളികൾ ആണ് കുട്ടിയുടെ മാതാപിതാക്കളും. ഇന്നലെ കുട്ടി മാതാപിതാക്കൾക്കൊപ്പം ഫാക്ടറിയിൽ എത്തിയിരുന്നു. ഇവിടെ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പീഡനം.
തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയിട്ടാണ് പീഡിപ്പിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അമ്മയുടെ മൊഴിയെടുക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം സജാലാലിനെ കോടതിയിൽ ഹാജരാക്കും.
Discussion about this post