പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് വാതം. പ്രായമായവരെയാണ് വാതം ബാധിക്കുകയെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയായ വാതം മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളെ സാരമായി ബാധിക്കുന്ന ഒരു വാതമാണ് ജുവനൈൽ ആർത്രൈറ്റിസ്.
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ സന്ധിവാതമാണ് ജുവനൈൽ ആർത്രൈറ്റിസ്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. ഇന്ത്യയിൽ ആയിരത്തിൽ ഒന്ന് എന്ന വിധത്തിൽ കുട്ടികളെ ബാധിക്കുന്നു.
വിട്ടുമാറാത്ത വേദന, സന്ധികളിൽ കാഠിന്യം, വളർച്ചക്കുറവ്, ചലനശേഷി കുറയൽ തുടങ്ങി നിരവധി വെല്ലുവിളികൾ ഇത്തരം കുട്ടികൾ നേരിടുന്നു. ഇത് കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. നേരത്തെ തന്നെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ജ്യുവനൈൽ ആർത്രൈറ്റിസ് ചികിത്സയിൽ ഏറ്റവും പ്രധാനം. നേരത്തെ രോഗം കണ്ടെത്തി, സമയബന്ധിതമായി ചികിത്സ ആരംഭിക്കുന്നത് ദീർഘകാലവൈകല്യങ്ങൾ, സന്ധികളുടെ ക്ഷതം എന്നിവ സാരമായി കുറയ്ക്കും.
ലക്ഷണങ്ങൾ
സന്ധിവേദന, വീക്കം ഒന്നോ അതിലധികമോ സന്ധികളിൽ തുടർച്ചയായ വേദനയും വീക്കവും ഒപ്പം ചൂടും മൃദുത്വവും തോന്നുന്നത് ജുവനൈൽ ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്‌രാവിലെയോ കുറെ സമയം വെറുതെയിരുന്നശേഷമോ വേദന കഠിനമാകാം.
സന്ധികൾക്ക് കടുപ്പം ജുവനൈൽ ആർത്രൈറ്റിസ് ഉള്ള കുട്ടികൾക്ക് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴും കുറെ സമയം വിശ്രമിച്ചതിനുശേഷവും സന്ധികൾക്ക് കട്ടിയും കടുപ്പവും തോന്നാം. ശാരീരികപ്രവർത്തനങ്ങൾക്കു ശേഷവും ഏറെ നേരം ഇരുന്നാലും ഇങ്ങനെ വരാം.
ക്ഷീണം കടുത്ത ക്ഷീണവും തളർച്ചയും സന്ധിവാതമുള്ള കുട്ടികളിൽ സാധാരണയാണ്. ശാരീരികാധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രയാസമുണ്ടാവുകയും പെട്ടെന്ന് ക്ഷീണം വരികയും ചെയ്യും.
നടക്കാൻ പ്രയാസം സന്ധികളിൽ കടുപ്പവും വീക്കവും ഉള്ളത് ചലനത്തിനു പ്രയാസം ഉണ്ടാക്കും. ഇതു മൂലം കുനിയാനും നടക്കാനും കളിക്കാനും ഒക്കെ പ്രയാസമാകും.
പനി ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികളിൽ തുടർച്ചയായ പനി വരാം. ഇത് വൈകുന്നേരങ്ങളിൽ അധികരിക്കാം. പനിയോടൊപ്പം ശരീരത്തിൽ തടിപ്പും അസ്വാസ്ഥ്യവും ഉണ്ടാകാം.
തടിപ്പും തിണർപ്പും ജുവനൈൽ ആർത്രൈറ്റിസ് ആയ സിസ്റ്റെമിക് ഓൺസെറ്റ് ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ചാൽ തടിപ്പ് ഉണ്ടാകും. ഇത് പിങ്ക് നിറത്തിലോ വിളറിയോ കാണപ്പെടാം. പനിയോടൊപ്പം ഇവ വന്നു പോകാം.
കണ്ണുകളിൽ വീക്കം ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് വന്നാൽ കണ്ണുകളിൽ വീക്കം ഉണ്ടാകാം. കണ്ണുകളിൽ ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാതെ വരുക, കാഴ്ച മങ്ങുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. നിങ്ങളുടെ കുട്ടിക്ക് ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടണം.
Discussion about this post