ശരീരത്തിലെ മറ്റ് ഏതൊരു അവയവത്തിനും കൊടുക്കുന്ന കരുതൽ തന്നെ കണ്ണിനും കൊടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ഇന്ന് കണ്ണുകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പല ഘടകങ്ങളും നമ്മുടെ ജീവിതശൈലിയിൽ തന്നെയുണ്ട്. അതിനാൽ തന്നെ കണ്ണുകൾക്ക് ഒരു പ്രത്യേക സംരക്ഷണം നൽകേണ്ടത് ആവശ്യമാണ്. ശരിയായ ആഹാര രീതിയിലൂടെയും ജീവിതശൈലിയിലൂടെയും ഒരു പരിധിവരെയും കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയുന്നതാണ്. കണ്ണുകൾക്ക് വേണ്ട പോഷകങ്ങൾ നൽകുന്ന ചില സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
വിറ്റാമിൻ എ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കണ്ണിന് ഏറെ ആരോഗ്യദായകമാണ്. ഇവയിൽ ക്യാരറ്റ് ആണ് ഏറ്റവും അധികം വിറ്റാമിൻ എ നൽകപ്പെടുന്ന ഭക്ഷണം. കൂടാതെ മധുരക്കിഴങ്ങ്, ആപ്രിക്കോട്ട്, മസ്ക് മെലൺ എന്നിവയും വിറ്റമിൻ എ നൽകുന്ന മികച്ച ഉറവിടങ്ങളാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റൊരു പോഷകം വിറ്റാമിൻ സി ആണ്. ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, തക്കാളി, സ്ട്രോബെറി എന്നിവയെല്ലാം വിറ്റാമിൻ സി നൽകുന്നു.
കണ്ണിന്റെ കോശങ്ങളെ ആരോഗ്യകരമായ നിലനിർത്താൻ വിറ്റാമിൻ ഇ ആവശ്യമാണ്. അവോക്കാഡോ , ബദാം , സൂര്യകാന്തി വിത്തുകൾ എന്നിവയിൽ നിന്നും വിറ്റാമിൻ ഇ ലഭിക്കുന്നതാണ്. കണ്ണിന് ഏറെ ആവശ്യമായ മറ്റൊരു സൂപ്പർ ഫുഡ് ആണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. മത്സ്യങ്ങളിൽ സാൽമൺ, ട്യൂണ, മത്തി എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഇലക്കറികൾ, ബീൻസ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന് മികച്ച സംരക്ഷണം പ്രദാനം ചെയ്യുന്നതാണ്.
Discussion about this post