പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തിയ സംവിധായകൻ ലോകോഷ് കനകരാജിന് പരിക്ക്. അരോമ തിയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ടാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇതേ തുടർന്ന് മറ്റിടങ്ങളിലെ ആഘോഷപരിപാടികൾ റദ്ദാക്കി അദ്ദേഹം ചെന്നൈയിലേക്ക് തിരിച്ചു.
രാവിലെയാണ് വിജയാഘോഷത്തിൽ പങ്കെടുക്കാൻ ലോകേഷ് പാലക്കാട് എത്തിയത്. അദ്ദേഹത്തിന്റെ വരവ് അറിഞ്ഞത് നിരവധി പേർ തിയറ്ററിന് മുൻപിൽ തടിച്ച് കൂടിയിരുന്നു. മതിയായ സുരക്ഷ ഒരുക്കിയിരുന്നു എങ്കിലും ജനത്തിരക്ക് അതിര് വിട്ടതോടെ നിയന്ത്രണങ്ങൾ പാളി. ആൾക്കൂട്ടത്തിനിടയിൽ പെട്ട് ലോകേഷിന് കാലിനാണ് പരിക്കേറ്റത്. അവധി ദിനമായതിനാലാണ് തിയറ്ററിന് മുൻപിൽ ഇത്രയും വലിയ ആൾക്കൂട്ടത്തിന് കാരണം. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടിവന്നു.
തൃശ്ശൂർ രാഗം തിയറ്ററിലും കൊച്ചിയിലെ കവിതാ തിയറ്ററിലുമാണ് നേരത്തെ വിജയാഘോഷ പരിപാടി തീരുമാനിച്ചിരുന്നത്. പരിക്ക് പറ്റിയതോടെ മറ്റൊരു ദിവസം കൊച്ചിയിൽ എത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അവധി ദിവസമായ ഇന്നും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്‌നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
Discussion about this post