ബംഗളൂരു : കർണാടകയിൽ ലോഡ് ഷെഡ്ഡിംഗിനെതിരെ വേറിട്ട പ്രതിഷേധവുമായി കർഷകർ. വിജയപുര ജില്ലയിലാണ് സംഭവം. ഒരു മുതലയെ പിടിച്ചുകെട്ടി കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (HESCOM) ഓഫീസിലേക്ക് പോവുകയായിരുന്നു. ഒക്ടോബർ 19 നാണ് ഉദ്യോഗസ്ഥരെയെല്ലാം ഞെട്ടിച്ചുകൊണ്ട് വേറിട്ട പ്രതിഷേധം നടന്നത്.
റോണിഹാല ഗ്രാമത്തിലെ വയലിലാണ് കർഷകർ കൂറ്റൻ മുതലയെ കണ്ടത്. തുടർന്ന് ഇതിനെ പിടിച്ചുകെട്ടി HESCOM ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന പവർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുതലയെ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് കർഷകർ ആവശ്യങ്ങൾ ഉന്നയിച്ചത്. തങ്ങളുടെ വിളകൾ കരിഞ്ഞുണങ്ങുന്നതിനാൽ പകൽ സമയങ്ങളിൽ തടസ്സമില്ലാത്ത ത്രീഫേസ് വൈദ്യുതി വേണമെന്ന് അവർ പറഞ്ഞു. രാത്രിയിൽ പാമ്പ്, തേൾ, മുതല എന്നിങ്ങനെയുള്ളവയുടെ കടിയേറ്റ് ആരെങ്കിലും മരിച്ചാൽ എന്ത് ചെയ്യും എന്നും ഒഋടഇഛങ അധികൃതരോട് ഇവർ ചോദിച്ചു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മുതലയെ രക്ഷപ്പെടുത്തി അൽമാട്ടി നദിയിൽ തുറന്നുവിട്ടു. എന്നാൽ, കർഷകരുടെ ലോഡ്‌ഷെഡ്ഡിംഗ് പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Discussion about this post