ടെല്‍ അവീവ് : ഹമാസ് പിടിയലായതിന് ശേഷം നരകത്തിലൂടെയാണ് ഇത്രയും ദിവസം കടന്ന് പോയതെന്ന് മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത. വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണത്തിനൊടുവിലാണ് ഇസ്രയേലിനെതിരായി ഹമാസ് ഭീകരാക്രണം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് അവിടെ കണ്ടതെന്നും 85 കാരിയായ യോചെവെഡ് ലിഫ്ഷിറ്റ്സ് എന്ന സ്ത്രീ പറഞ്ഞു. മോചിപ്പിക്കപ്പെട്ട ശേഷം ഇസ്രയേലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാസയില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വയോധിക തുറന്ന് പറഞ്ഞത്. രണ്ട് സ്ത്രീകളെയാണ് ഹമാസ് ഭീകരര്‍ ഇന്ന് വിട്ടയച്ചത്. യോചെവെഡ് ലിഫ്ഷിറ്റ്സിന്റെ ഭര്‍ത്താവ് ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്.
ടെല്‍ അവീവിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് യോചെവെഡ് ലിഫ്ഷിറ്റ്സ് തന്റെ തടവുജീവിതം മാധ്യമങ്ങളോട് വിവരിച്ചത്. ഹീബ്രു ഭാഷയില്‍ അവര്‍ സംസാരിച്ചത് മകള്‍ ഷാരോണ്‍ ലിഫ്ഷിറ്റ്സ് മാധ്യമങ്ങള്‍ക്കു വിവര്‍ത്തനം ചെയ്ത് നല്‍കുകയായിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ ബൈക്കിന്റെ പുറകിലിരുത്തിയാണ് ഹമാസ് ഭീകരര്‍ തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നു ഷാരോണ്‍ പറഞ്ഞു. ബൈക്ക് യാത്രയെ തുടര്‍ന്ന് ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായതായും അവിടെയെത്തിയപ്പോഴേക്കും ശ്വാസമെടുക്കാന്‍ കഴിയാത്ത രീതിയില്‍ അവശയായിരുന്നതായും ലിഫ്ഷിറ്റ്സ് വ്യക്തമാക്കുന്നു. ചിലന്തിവല പോലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടേറെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഹമാസിന്റെ നിയന്ത്രണത്തില്‍ ഗാസയിലുണ്ടെന്നും അവിടെയാണ് ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കി പാര്‍പ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കയ്യിലുണ്ടായിരുന്ന വാച്ചും മറ്റ് ആഭരണങ്ങളും അവര്‍ കൈക്കലാക്കുകയും അഞ്ച് പേരടങ്ങുന്ന ഓരോ സംഘമായി ഓരോ മുറികളില്‍ ഒരു ഗാര്‍ഡിന്റെ കാവലില്‍ പാര്‍പ്പിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. ബന്ദികള്‍ക്ക് ഭക്ഷണമായി നല്‍കിയത് വെള്ള ചീസും വെള്ളരിയുമാണെന്നും ഇത്രയും ദിവസം ദുരിത പൂരിതമായിരുന്നു ജീവിതമെന്നും യോചെവെഡ് ലിഫ്ഷിറ്റ്സ് വ്യക്തമാക്കി.
Discussion about this post