തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎംആര്‍എല്ലും വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാടില്‍ വീണ എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
“രണ്ട് കമ്പനികള്‍ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞത്. അങ്ങനെയയെങ്കില്‍ എന്തുകൊണ്ടാണ് കമ്പനി നികുതി അടയ്ക്കാത്തതെന്ന് സിപിഎം വ്യക്തമാക്കണം. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയില്‍ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സിപിഎമ്മുകാര്‍ മനസിലാക്കണം. സിഎംആര്‍എല്ലില്‍ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പാണ്. അപ്പോള്‍ അവര്‍ക്ക് അതിന് മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജിഎസ്ടി അടയ്ക്കാന്‍ സാധിക്കുകയെന്ന് മനസിലാകുന്നില്ല”, സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുകയാണ്. പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേല്‍പ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ കുടുക്കിലേക്കാണ് പോവുന്നത്. ജനം വെള്ളക്കെട്ടില്‍ വലയുമ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിച്ച് കേരളീയം നടത്തുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റ് നടത്തുന്നതിലാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post