തൃശൂർ: സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് പ്രസ് ക്ലബ്ബിൽ എത്തിയ അനിൽ അക്കരയോട് കയർത്ത് ദേശാഭിമാനി ലേഖകൻ. കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ദേശാഭിമാനി ലേഖകൻ സിഎ പ്രേമചന്ദ്രൻ അന്യായമായി വെല്ലുവിളിക്കുകയായിരുന്നുവെന്ന് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ആണ് സിഎ പ്രേമചന്ദ്രൻ. പ്രസ് ക്ലബ്ബിനുളളിലും പുറത്തും വെച്ച് ദേശാഭിമാനി ലേഖകൻ മോശമായിട്ടാണ് പെരുമാറിയതെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന തന്റെ റിസോർട്ടിന്റെയും ഭൂമിയുടെയും പേരിൽ താൻ അറിയാതെ കൂടുതൽ തുക വായ്പയെടുത്തുവെന്ന് പരാതി ഉന്നയിച്ച രായിരത്ത് സുധാകരന്റെ കൂടെ വാർത്ത സമ്മേളനത്തിന് എത്തിയതായിരുന്നു അനിൽ അക്കര.
2016 ൽ 72.5 ലക്ഷം രൂപയ്ക്ക് മറ്റൊരു ബാങ്കിൽ പണയത്തിലായിരുന്നു റിസോർട്ടും ഭൂമിയും. ഈ ലോൺ ടേക്ക് ഓവർ ചെയ്യാനായി കുട്ടനെല്ലൂർ സഹകരണ ബാങ്കിനെ ഉടമ രായിരത്ത് സുധാകരൻ സമീപിക്കുകയായിരുന്നു. വായ്പ അടച്ചതിന് ശേഷം ഉടമ അറിയാതെ നാല് പേരുടെ വ്യാജ മേൽവിലാസത്തിൽ ഒരു കോടി രൂപയിലധികം ഇതേ ഭൂമിയിൽ തന്നെ വായ്പയെടുക്കുകയായിരുന്നു. 2018 ലാണ് ഒരു കോടി രൂപയിലധികം രൂപയുടെ വായ്പ ഉണ്ടെന്ന് ഉടമ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു വാർത്താസമ്മേളനം.
ദേശാഭിമാനി ലേഖകന്റെ പെരുമാറ്റം പത്രപ്രവർത്തയൂണിയന്റെ വിശ്വാസ്യതയും സ്വീകാര്യതയും തകർക്കുന്ന രീതിയിലായിരുന്നുവെന്നും താൻ ഉയർത്തുന്ന അഴിമതി വിരുദ്ധപോരാട്ടം തിരിച്ചുവിട്ട് വാർത്താ സമ്മേളനം തടസ്സപെടുത്തുകയായിരുന്നു ദേശാഭിമാനി ലേഖകനെന്നും അനിൽ അക്കര ആരോപിച്ചു. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അനിൽ അക്കരെ പത്രപ്രവർത്തക യൂണിയനോട് ആവശ്യപ്പെട്ടു.
തൃശ്ശൂർ പ്രസ്സ്‌ക്ലബ്ബിൽ നിരന്തരം തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ നിരവധി തവണ ദേശാഭിമാനി ലേഖകർ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ ‘വെല്ലുവിളിക്കുന്നു ‘എന്ന് പറഞ്ഞുകൊണ്ടാണ് ഭേശാഭിമാനി ലേഖകനും പത്രപ്രവർത്തക യൂണിയൻ അംഗവുമായ പ്രേമൻ ചോദ്യങ്ങൾ ചോദിച്ചതെന്ന് അനിൽ അക്കര പറഞ്ഞു. അത് മരണപെട്ടുപോയ തന്റെ പൂർവികരെ കുറിച്ചാണ്. ഇത് അവിടെയുണ്ടായിരുന്ന പത്രപ്രവത്തകർക്ക് അറിയാവുന്നതും, അവർ വീഡിയോയിൽ പകർത്തിയതുമാണെന്നും അനിൽ അക്കരെ ചൂണ്ടിക്കാട്ടി.
Discussion about this post