ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ ലവ കുശ രാംലീല മൈതാനിയിൽ രാവണ ദഹനം നടത്തി നടി കങ്കണ റണാവത്ത്. ചെങ്കോട്ടയിലെ അൻപത് വർഷത്തെ ഔദ്യോഗിക ദസറ ആഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നതെന്ന് ലവ കുശ രാംലീല കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് അറിയിച്ചു.
‘ജയ് ശ്രീറാം‘ മന്ത്രോച്ചാരണത്തോടെയാണ് കങ്കണ രാംലീലയിൽ തയ്യാറാക്കിയിരുന്ന പടുകൂറ്റൻ രാവണ രൂപത്തിലേക്ക് അഗ്നിപടർത്തിയ അസ്ത്രം പായിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ലഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന തുടങ്ങിയവർ ചടങ്ങുകളിൽ പങ്കാളികളായി.
ഒക്ടോബർ 27ന് റിലീസ് ചെയ്യാനിരിക്കുന്ന ‘തേജസ്‘ ആണ് കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യൻ സൈനികരുടെ ആവേശോജ്ജ്വലമായ ജീവിതങ്ങൾക്ക് സമർപ്പിക്കുകയാണ് താൻ ഈ ചിത്രമെന്ന് കങ്കണ നേരത്തേ അറിയിച്ചിരുന്നു.
തേജസിന് പിന്നാലെ അടിയന്തിരാവസ്ഥയുടെ കഥ പറയുന്ന ‘എമർജൻസി‘ എന്ന ചിത്രമാണ് കങ്കണയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇതിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.
Discussion about this post