നടി അമല പോളിന് വിവാഹം. സുഹൃത്ത് ജഗദ് ദേശായ് ആണ് വരൻ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇരുവരും വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. റെസ്റ്ററന്റിൽ ചിത്രീകരിച്ച മനോഹരമായ പ്രൊപ്പോസൽ വീഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
പാശ്ചാത്യരീതിയിൽ അമലയെ മുട്ടുകുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്നതും മോതിരം അണിയിക്കുന്നതുമാണ് വീഡിയോയിൽ. പിങ്ക് നിറത്തിലുളള പലാസോ ധരിച്ച് അതിസുന്ദരിയായിട്ടാണ് അമല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. റസ്റ്ററന്റിൽ ഇരിക്കുന്ന ഇരുവർക്കും മുൻപിൽ സംഗീതത്തിനൊപ്പം ചുവടുവെയ്ക്കുന്ന ഡാൻസേഴ്‌സും അവർക്കൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി ചേരുന്ന ജഗദിനെയും വീഡിയോയിൽ കാണാം. ഇതിനൊടുവിലാണ് അമലയെ പ്രൊപ്പോസ് ചെയ്യുന്നതും മോതിരം അണിയിക്കുന്നതും.
നേരത്തെ സംവിധായകൻ വിജയ് യുമായി അമല വിവാഹിതയായെങ്കിലും ഇരുവരും വേർപിരിയുകയായിരുന്നു. ദൈവതിരുമകൾ ചിത്രത്തിലെ പരിചയമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. 2014 ൽ ആയിരുന്നു വിവാഹം. എന്നാൽ 2016 ൽ വേർപിരിഞ്ഞു.
ഇതിന് ശേഷം 2020 ൽ മുംബൈയിലെ ഗായകൻ ഭവീന്ദർ സിംഗുമൊത്തുളള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹത്തിന്റേതാണെന്ന രീതിയിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് താരം നിഷേധിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.
രണ്ട് മണിക്കൂറുകൾക്കുള്ളിൽ അറുപതിനായിരത്തോളം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
എന്റെ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് വീഡിയോ ജഗദ് ദേശായ് പങ്കുവെച്ചത്. അമലയുടെ പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ ആശംസകളും ജഗദ് നേർന്നിട്ടുണ്ട്.
പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതമാണ് അമലയുടേതായി പുറത്തുവരാൻ ഇരിക്കുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണിന്റെ ഭോല, തലൈവ, കഡാവർ തുടങ്ങിയ ചിത്രങ്ങളിലും അമല ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post