ബംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പ്രാവര്‍ത്തികമാക്കാനുള്ള തിരക്കിലാണ് ഐഎസ്ആര്‍ഒ ഉദ്യാഗസ്ഥര്‍. പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയമായതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് എല്ലാവരും. അതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാനില്‍ വനിതാ ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാര്‍ക്കും വനിതാ ശാസ്ത്രജ്ഞന്‍മാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. കൂടാതെ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യം ഏറെ കാത്തിരിക്കുന്ന ബഹിരാകാശ യാത്ര ദൗത്യമാണ് ഗഗന്‍യാന്‍. ഈ പദ്ധതിയുടെ ആദ്യ യാത്രയില്‍ വനിതാ ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാര്‍ക്കോ വനിതാ ശാസ്ത്രജ്ഞര്‍ക്കോ മുന്‍ഗണന നല്‍കും. ഭാവിയില്‍ ഇന്ത്യ വനിതകളെ ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയാണ് ഇത്’, ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന ഐഎസ്ആര്‍ഒയുടെ ആളില്ല ഗഗന്‍യാന്‍ യാത്രയില്‍ ഒരു പെണ്‍ ഹ്യൂമനോയിഡിനെ (മനുഷ്യനെപ്പോലെയുള്ള റോബോട്ട്) ബഹിരാകാശത്തേക്ക് അയക്കാനാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 400 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും താഴ്ന്ന ഭൗമ ഭ്രമണപഥത്തില്‍ മനുഷ്യനെ അയച്ച് അവരെ സുരക്ഷിതമായി തിരികെ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് ഗഗന്‍യാന്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹിരാകാശത്തേക്ക് പോകുന്ന മനുഷ്യര്‍ മൂന്നുദിവസം അവിടെ താമസിക്കുകയും ചെയ്യും.
മാനുഷിക ബഹിരാകാശ ദൗത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനാണോ ഐഎസ്ആര്‍ഒ ശ്രമിക്കുന്നത് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് ആവശ്യമായ വനിതകളെ കണ്ടെത്തേണ്ടി വരും. ഗഗന്‍യാന്‍ ദൗത്യം 2025ല്‍ ആരംഭിക്കും. ആദ്യം അതൊരു ഹൃസ്വകാല ദൗത്യമായിരിക്കും. വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റുമാരെയാണ് തുടക്കത്തില്‍ പരിഗണിക്കുന്നത്. ബഹിരാകാശ പര്യവേഷണത്തിനായി ഐഎസ്ആര്‍ഒയ്ക്ക് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്ല. അതിനാല്‍ അടിയന്തരമായി അത്തരക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.
2035ഓടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് മനുഷ്യ ബഹിരാകാശ ദൗത്യമായ ടിവി-ഡി1 പരീക്ഷണ വാഹനം ശനിയാഴ്ച വിക്ഷേപിച്ചത്. പ്രാരംഭത്തില്‍ ഏര്‍പ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമായിരുന്നു പരീക്ഷണ വാഹനം വിക്ഷേപിച്ചത്.
Discussion about this post