തലേദിവസം വെള്ളത്തിൽ കുതിർത്തു വച്ച ബദാം രാവിലെ കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഇനി അങ്ങനെയൊന്നു കഴിച്ചു നോക്കൂ. കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ബദാം വെറുതെ കഴിക്കുന്നതിലും കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ ബദാം കുതിർത്ത് കഴിക്കുന്നതാണ് നല്ലതെന്നും ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് ബദാം. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, ഫൈബർ എന്നിവയെല്ലാം ബദാമിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന എൽ കാർനിറ്റൈനിനും ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഉണങ്ങിയ ബദാം കഴിക്കുന്നത് പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. എന്നാൽ ബദാം കുതിർത്ത് കഴിക്കുമ്പോൾ ദഹനം നല്ല രീതിയിൽ നടക്കുന്നതാണ്.
ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിൽ കാണപ്പെടുന്ന ഫൈറ്റിക് ആസിഡിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില എൻസൈമുകൾ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. ഫൈറ്റിക് ആസിഡ് എന്നത് നമ്മുടെ ശരീരത്തിലേക്ക് ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്ത ഒന്നാണ്. അതിനാൽ കുതിർത്ത ബദാം കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നതാണ്.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് സന്തുലിതമായി നിലനിർത്താനും രാവിലെ ബദാം കുതിർത്ത് കഴിക്കുന്നത് സഹായിക്കുന്നു. എന്നാൽ ഇത് മിതമായ അളവിൽ മാത്രം കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ മിതമായ അളവിൽ കുതിർത്ത ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്. വണ്ണം കുറയ്ക്കാനായി ഭക്ഷണക്രമീകരണം നടത്തുന്നവർ ഡയറ്റിൽ രാവിലത്തെ ഭക്ഷണമായി അല്പം കുതിർത്ത ബദാം കഴിക്കുന്നത് മികച്ച ഫലം നൽകുന്നതാണ്.
Discussion about this post