ചെന്നൈ : ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ അവസാന വിക്കറ്റിൽ ബൗണ്ടറിയടിച്ച് ലോകകപ്പിൽ നിന്ന് പുറത്താക്കിയ കേശവ് മഹാരാജ് വിജയം ആഘോഷിച്ചത് ജയ് ശ്രീ ഹനുമാൻ മന്ത്രം മുഴക്കി. തന്റെ ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. “വിശ്വസിക്കുന്ന ദൈവത്തിന് നന്ദി. ഇതൊരു സ്പെഷ്യൽ വിജയമാണ്. എയ്ഡൻ മാക്രാത്തിന്റെയും ടർബെയ്സ് ഷംസിയുടേയും മനോഹരമായ പോരാട്ടം. ജയ് ശ്രീ ഹനുമാൻ“ എന്നായിരുന്നു ദക്ഷിണാഫ്രിക്കൻ താരമായ കേശവ് മഹാരാജിന്റെ പോസ്റ്റ്.
പാകിസ്താൻ ഉയർത്തിയ 271 റൺസ് വിജയ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായ തകർച്ച നേരിട്ടത്. തുടർന്ന് ഒൻപതാമനായി ബാറ്റിംഗിനിറങ്ങിയ കേശവ് മഹാരാജ് അവസാനവിക്കറ്റിന്റെ സമ്മർദ്ദത്തെ അതിജീവിച്ചാണ് മുഹമ്മദ് നവാസിന്റെ പന്ത് സ്ക്വയർ ലെഗ്ഗിലേക്ക് പായിച്ച് ബൗണ്ടറി നേടിയത്. കേശവ് മഹാരാജിന് അഭിനന്ദനങ്ങളുമായി മുൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഹിന്ദു മത വിശ്വാസിയായ കേശവ് മഹാരാജിന്റെ പൂർവ്വികർ 1874 ൽ ദക്ഷിണാഫ്രിക്കയിൽ കുടിയേറിയവരാണ്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ നിവാസികളായിരുന്നു ഇവർ. കേശബ് മഹാരാജിന്റെ ബാറ്റിൽ ഓം എന്ന് ആലേഖനം ചെയ്തിട്ടുള്ളത് നേരത്തെ വാർത്തയായിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോൾ പദ്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കേശവ് ആത്മാനന്ദ് മഹാരാജ് എന്നാണ് മുഴുവൻ പേര്. കേശവ് മഹാരാജിന്റെ അച്ഛൻ ആത്മാനന്ദ് മഹാരാജും ക്രിക്കറ്റ് താരമായിരുന്നു.
ഇടങ്കയ്യൻ സ്പിന്നറായ കേശവ് മഹാരാജ് ആദ്യം ഫാസ്റ്റ് ബൗളറായി ആണ് കളിക്കളത്തിൽ ഇറങ്ങുന്നത്. പിന്നീട് സ്പിന്നിലേക്ക് തിരിഞ്ഞ അദ്ദേഹം ടെസ്റ്റിൽ 158 വിക്കറ്റുകളും ഏകദിനത്തിൽ 44 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 586 വിക്കറ്റുകളാണ് നേടിയിട്ടുള്ളത് . ടെസ്റ്റ് മത്സരങ്ങളിൽ അഞ്ച് അർദ്ധ സെഞ്ച്വറികൾ നേടിയ കേശവ്
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറികളും 17 അർദ്ധ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്.
Discussion about this post