എറണാകുളം: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയ്ക്ക് പുറമേ എൻഎസ്ജി ( ദേശീയ സുരക്ഷാ ഗാർഡ്) യും കളമശ്ശേരിയിലേക്ക്. എട്ടംഗ സംഘം ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് സംഘം കേരളത്തിൽ എത്തുന്നത്.
ഒരു ഓഫീസർ ഉൾപ്പെടെയുള്ള സംഘമാണ് കൊച്ചിയിൽ എത്തുക. സ്‌ഫോടനം നടന്ന സ്ഥലം ഇവർ വിശദമായി പരിശോധിക്കും. അന്വേഷണ പുരോഗതി വിലയിരുത്തും. വൈകീട്ടോടെ സംഘം കൊച്ചിയിൽ വിമാനം ഇറങ്ങുമെന്നാണ് വിവരം.
സ്‌ഫോടനത്തിന് പിന്നാലെ അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്ജി സംഘത്തെ അയക്കാൻ തീരുമാനിച്ചത്. എൻഐഎ സംഘവും കളമശ്ശേരിയിൽ എത്തും. നിലവിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന പുരോഗമിക്കുകയാണ്.
ഭീകരാക്രമണമാണ് കളമശ്ശേരിയിൽ ഉണ്ടായത് എന്നാണ് വിവരം. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംഭവം ഭീകരാക്രമണം ആണെന്നതിലേക്ക് വിരൽ ചൂണ്ടുന്നത്. സംഭവത്തിൽ പാക് ബന്ധവും സംശയിക്കുന്നുണ്ട്.
Discussion about this post