എറണാകുളം: യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ സ്‌ഫോടന പരമ്പരയിൽ ഒരു മരണം കൂടി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
രാത്രിയോടെയായിരുന്നു 53 വയസ്സുള്ള കുമാരിയുടെ മരണം സ്ഥിരീകരിച്ചത്. സ്‌ഫോടനത്തിൽ ഇവർക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. രാവിലെ മുതൽ തന്നെ ഇവരുടെ ആരോഗ്യനില മോശമായി തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് രാത്രിയോടെ മരണം സംഭവിച്ചത്. നിലവിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സ്‌ഫോടനത്തിൽ 52 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 18 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 12 വയസ്സുള്ള കുട്ടിയുമുണ്ട്. ഈ കുട്ടിയുടെ ആരോഗ്യനിലയാണ് ആശങ്കാജനകമായി തുടരുന്നത്. പരിക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. 20 പേരാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
അതേസമയം സംഭവ സ്ഥലത്ത് മരിച്ച യുവതിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Discussion about this post