എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ലയോണയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
സ്‌ഫോടനത്തിൽ സാരമായി പരിക്കേറ്റ ലയോണ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മുഖമുൾപ്പെടെ പൊള്ളലേറ്റ് കരിഞ്ഞതിനാൽ ലയോണയെ തിരിച്ചറിയുക പ്രയാസം ആയിരുന്നു. കയ്യിലെ മോതിരം കണ്ട് ബന്ധുവാണ് ലയോണയെ തിരിച്ചറിഞ്ഞത്. ഇവർ ഒറ്റയ്ക്കാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയത് എന്ന് പോലീസ് പറഞ്ഞു. ലയോണയുടെ മകൾ വിദേശത്താണ്. ഇന്ന് ഇവർ നാട്ടിലെത്തും. ഇതിന് ശേഷമാകും മൃതദേഹം കൈമാറുക.
അതേസമയം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 12 വയസ്സുള്ള കുട്ടിയും മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്ക് ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ ആയിരുന്നു ലിബിന. രാത്രി ഒന്നരയോടെയായിരുന്നു ലിബിനയുടെ മരണം സംഭവിച്ചത്. ഇന്നലെ രാത്രി തൊടുപുഴ സ്വദേശിനിയും മരിച്ചിരുന്നു.
സ്‌ഫോടനത്തിൽ പരിക്കേറ്റ 16 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. സ്‌ഫോടനത്തിൽ 50 ലധികം പേർക്കായിരുന്നു പരിക്കേറ്റത്.
Discussion about this post