പാലക്കാട്: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിയേട്ടന് (രംഗ ഹരി) അന്ത്യപ്രണാമം അർപ്പിച്ച് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ പാലക്കാട് തണൽ ബാലാശ്രമത്തിലെത്തിയാണ് സർസംഘചാലക് അന്ത്യാഞ്ജലി അർപ്പിച്ചത്. സംഘത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ പലപ്പോഴും വഴികാട്ടിയായിരുന്ന ഹരിയേട്ടന്റെ ഭൗതികദേഹത്തിൽ പുഷ്പമാല അർപ്പിച്ച് ഡോ. മോഹൻ ഭാഗവത് പ്രണമിച്ചു.
ഇന്നലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ, കെ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയവർ കൊച്ചി എളമക്കരയിലെ മാധവനിവാസിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. തണൽ ബാലാശ്രമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവരും ഹരിയേട്ടന് അന്തിമാഞ്ജലി അർപ്പിക്കാൻ എത്തി.
കുറച്ചുകാലം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു രംഗ ഹരി എന്ന് ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന ആർ ഹരി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ മുതൽ മാധവ നിവാസിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ മുതിർന്ന സംഘ കാര്യകർത്താക്കൾ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
പുലർച്ചെയാണ് ഭൗതികദേഹം കൊച്ചിയിൽ നിന്ന് പാലക്കാട് എത്തിച്ചത്. ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാരം.
Discussion about this post