കാസർകോട്: മകളുടെ ഭർത്താവിനെ ആക്രമിച്ച് കാഞ്ഞങ്ങാട് നഗരസഭാ ഉപാദ്ധ്യക്ഷൻ അബ്ദുള്ള. സംഭവത്തിൽ അബ്ദുള്ളയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. അബ്ദുള്ളയെ മർദ്ദിച്ചതിന് മകളുടെ ഭർത്താവും കൊളവയൽ സ്വദേശിയുമായ ഷാഹുൽ ഹമീദിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരുവളം അങ്കണവാടിയ്ക്ക് സമീപം വച്ചായിരുന്നു അബ്ദുള്ള മർദ്ദിച്ചത് എന്ന് ഷാഹുലിന്റെ പരാതിയിൽ പറയുന്നു. ക്രൂരമായി ആക്രമിച്ചു. ഇതിൽ സാരമായി പരിക്കേറ്റു. താൻ ബോധരഹിതനായി നിലത്ത് വീണുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഹൊസ്ദുർഗ് പോലീസാണ് പരാതിയിൽ കേസ് എടുത്തിട്ടുള്ളത്. തന്നെ ഷാഹുലും മർദ്ദിച്ചുവെന്ന് കാട്ടി അബ്ദുള്ള പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് ഷാഹുലിനെതിരെ കേസ് എടുത്തത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അബ്ദുള്ള ഷാഹുലിനെ ഓടിയ്ക്കുന്നതും അടിയ്ക്കുന്നതും കാണാം. അടിയേറ്റ് ഷാഹുൽ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സംഭവത്തിൽ പോലീസ് അബ്ദുള്ളയുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന.
Discussion about this post