തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കേരളീയമെന്ന പേരിൽ നടത്തുന്ന ധൂർത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയത്തിൽ പങ്കെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കടക്കം അനുമതി നൽകിയും ആളെകൂട്ടാനായി സൂപ്പർതാരങ്ങളെ എത്തിച്ചുമുള്ള സർക്കാർ നീക്കത്തെയും കെ സുരേന്ദ്രൻ വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
ഉദ്ഘാടനത്തിന് നല്ല നിലയിൽ ആളുകൾ എത്തണമായിരുന്നു. ജനപ്രിയ താരങ്ങളെ ഉപയോഗിച്ച് അതുറപ്പാക്കി. നല്ല പി. ആർ. വർക്കുതന്നെ. പുതുതായി ചേക്കേറിയ ഭീംജിയുടെ നിൽപ്പു പിന്തുണ ഒഴിവാക്കിയും രാജസേനൻജിയുടെ സംഗീതമഴ പൊഴിക്കാതെയും പരിപാടി നടത്തിയതും നല്ല പി. ആർ. തന്നെയെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയമെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് കണ്ണടച്ച് അനുമതി നൽകിയ കോൺഗ്രസിനെയും കെ സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. മതനിരപേക്ഷത’ പുഴുങ്ങി ഉരുട്ടി മൂന്നു നേരം കഴിച്ചാൽ വിശപ്പുമാറുമെന്ന് സതീശനും കമ്പനിയും സമ്മതിച്ചതോടെ ഒരുമിച്ചുപാടാം ഹാലേലുയാ എന്നാണ് കെ സുരേന്ദ്രന്റെ പരിഹാസം.
മനസ്സാക്ഷിയില്ലാതെ കൂട്ടിയ വെള്ളക്കരവും ഭൂനികുതിയും കെട്ടിടനികുതിയും കറണ്ട് ചാർജ്ജും കൊടുക്കാനാവാതെ കഷ്ടപ്പെടുന്നവർക്കെന്തു കേരളീയം? കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാനവിഹിതം ഇല്ലാത്തതുകൊണ്ട് അവതാളത്തിലായ തൊഴിലുറപ്പുകാർക്കും കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാനവിഹിതം കിട്ടാത്തതുകൊണ്ട് ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികൾക്കും മോദിയുടെ വിഹിതം കിട്ടിയിട്ടും പിണറായിയുടെ വിഹിതം മുടങ്ങിയതിന്റെ പേരിൽ ജൽജീവൻ പദ്ധതി നഷ്ടമായ പാവങ്ങൾക്കുമിതെന്ത് കേരളീയം? എന്ന് ബിജെപി അദ്ധ്യക്ഷൻ ചോദിക്കുന്നു.
Discussion about this post