തിരുവനന്തപുരം: കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്‌കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് ‘യുനെസ്‌കോയുടെ സാഹിത്യനഗര’മെന്ന പദവിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയെ കോഴിക്കോടിനോളം സ്വാധീനിച്ച മറ്റൊരു ദേശമില്ല. പുരസ്‌കാര നേട്ടം സാഹിത്യസാംസ്‌കാരിക മേഖലയെ കൂടുതൽ മികവുറ്റതാക്കാനുള്ള പ്രചോദനം ആകട്ടെയെന്നും പിണറായി പറഞ്ഞു.
ബേപ്പൂരുള്ള ഒരു മാങ്കോസ്റ്റിൻ മരച്ചുവട് ഒരു കാലത്ത് മലയാള സാഹിത്യത്തിന്റെയാകെ തണലായിരുന്നു. കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേയും തെരുവുകളേയും അതിരാണിപ്പാടത്തേയും കടപ്പുറത്തേയും മനുഷ്യരേയും ഒന്നും മാറ്റി നിർത്തി നമുക്ക് മലയാള സാഹിത്യത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഇത്രമേൽ കേരളത്തിന്റെ സാഹിത്യസാംസ്‌കാരിക മേഖലയെ സ്വാധീനിച്ച മറ്റൊരു ദേശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജന്മം നൽകിയവരും കോഴിക്കോടിനെ തേടിയെത്തിയവരുമായ എത്രയെത്ര സാഹിത്യകാരന്മാർ! എസ് കെ പൊറ്റക്കാടും എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും എൻ എൻ കക്കാടും പി വത്സലയും കെ ടി മുഹമ്മദും സഞ്ജയനും എൻ വി കൃഷ്ണ വാര്യരും ഉൾപ്പെടെയുള്ള അനവധി അതിപ്രഗത്ഭരായ സാംസ്‌കാരികനായകർ പടുത്തുയർത്തിയതാണ് ആ നഗരത്തിന്റെ അതിസമ്പന്നമായ, ജീവസ്സുറ്റ സാംസ്‌കാരികലോകം. അതിന്റെ തിളക്കം ഇന്നത്തെ തലമുറ കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ അംഗീകാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യുനെസ്‌കോ സാഹിത്യനഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട് എന്നത് നേട്ടത്തിന്റെ തിളക്കമേറ്റുന്നു. ഈ പുരസ്‌കാരലബ്ധി കേരളത്തിന്റെയാകെ സാഹിത്യസാംസ്‌കാരിക മേഖലയെ കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് പ്രചോദനമാകട്ടെ. കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post