കോഴിക്കോട്: പരിശീലനത്തിനിടെ നൃത്തചുവടുകൾ തെറ്റിച്ചതിന് വിദ്യാർത്ഥിനിക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. കോഴിക്കോട് എരഞ്ഞിക്കൽ ‘സമർപ്പണ ഫൈൻ ആർട്‌സ്’ എന്ന നൃത്ത വിദ്യാലയത്തിലെ സഹേഷ് എസ് ദേവൻ എന്ന അദ്ധ്യാപകനെതിരെയാണ് പരാതി. 11 വയസുകാരിയെ ആണ് പ്രതി മാനസികമായും ശാരീരികമായും ഉപദ്രവിച്ചത്. നൃത്തച്ചുവടുകൾ തെറ്റിച്ചതിന്റെ പേരിലാണ് ക്രൂരമർദ്ദനം. കുട്ടിയുടെ ശരീരത്തിൽ ക്രൂരമർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്ന് മാതാവ് ആരോപിക്കുന്നു.
കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. നൃത്ത പരിശീലനത്തിന് ശേഷം കുട്ടി തന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ഓടിവരികയായിരുന്നുവെന്നും കാര്യമന്വേഷിച്ചപ്പോൾ കൈകളിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയെന്നും മാതാവ് പറയുന്നു. കൈകളിൽ നുള്ളി പിച്ചിയതിന്റെ പാടുകളും കണ്ടുവെന്ന് മാതാവ് പറയുന്നു. തുടർന്ന് നേരിട്ട് എലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മാനസികമായി തകർന്ന കുട്ടിക്ക് പനിയുടെ ലക്ഷണം കാണിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ഇതിന് മുൻപും സമാനമായ പരാതികൾ ഈ നൃത്താദ്ധ്യാപകനെതിരെ ഉയർന്നിരുന്നുവെങ്കിലും നാട്ടുകാരിൽ ചിലരും സ്ഥാപനത്തിലെ സഹഅദ്ധ്യാപകരും ചേർന്ന് ഒതുക്കി തീർക്കുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. പരാതി നൽകുന്നവരെ പരിഹസിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതിയെന്നാണ് ആക്ഷേപം.
Discussion about this post