തിരുവനന്തപുരം; മുസ്ലീം ലീഗ് കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് എകെ ബാലൻ. പലസ്തീൻ വിഷയത്തിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാനുളള ലീഗിന്റെ തീരുമാനത്തോടും അതിൽ കോൺഗ്രസിന്റെ പ്രതികരണത്തിലും അഭിപ്രായം പറയുകയായിരുന്നു എകെ ബാലൻ.
ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. യഥാർത്ഥത്തിൽ ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാടിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാടുകളോട് ലീഗിന് പൂർണമായി യോജിക്കാൻ കഴിയാത്ത സാഹചര്യം വന്നു എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുളള വിഷയമാണ്. ഇതിനെ സിപിഎം കാണുന്നത് ഗൗരവത്തോടെയാണെന്നും എകെ ബാലൻ പറഞ്ഞു.
ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം സ്വീകരിക്കുന്ന സമീപനത്തോട് ശക്തമായ പ്രതികരണമാണ് അനുകൂലമായി ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പലസ്തീൻ വിഷയത്തിൽ വിളിച്ചാൽ സിപിഎം റാലിക്ക് വരാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞുവെന്നും എകെ ബാലൻ ചൂണ്ടിക്കാട്ടി. ഏറെക്കാലമായി ലീഗിനെ ലക്ഷ്യം വെച്ച് നടത്തുന്ന ചരടുവലികൾ ഒന്ന് കൂടി സജീവമാക്കുകയാണ് ഇതിലൂടെ സിപിഎം.
സിപിഎം വിളിച്ചാൽ ഞങ്ങൾ റാലിയിൽ പങ്കെടുക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പ്രതികരണവും ലീഗിനെ ചൊടിപ്പിച്ചിരുന്നു. അടുത്ത ജൻമത്തിൽ പട്ടിയാകുമെന്ന് വെച്ച് ഇപ്പൊഴേ കുരയ്ക്കണോ എന്നായിരുന്നു കെ സുധാകരന്റെ വാക്കുകൾ.
Discussion about this post