കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഇന്ന് വിധി പറയും.
എറണാകുളം പോക്സോ കോടതി 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നത്. ജൂലൈ 28 നായിരുന്നു കേരളത്തെ നടുക്കിയ സംഭവം നടന്നത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്.
ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്.
ബിഹാർ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം. കൊലപാതകം ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്‌ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു കേസിൽ പ്രതിയുടെ വാദം.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.
Discussion about this post