കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. ഇന്ന് ചേരാനിരിക്കുന്ന നേതൃ യോഗത്തിന് മുന്നേയാണ് ലീഗ് തീരുമാനം അറിയിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം സിപിഎം ലീഗിനെ പരിപാടിയിലേക്ക് ഫോണിലൂടെ വിളിച്ച് ക്ഷണിച്ചതായി സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക അറിയിച്ചു. റാലിയില്‍ പങ്കെടുക്കുന്നത് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി. കൂടാതെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാട് എടുത്തതോടെയാണ് ലീഗ് നേതൃത്വം റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
Discussion about this post