ന്യൂഡല്‍ഹി: മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ്. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ഇതിന് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജയറാം രമേഷ്, കെസി വേണുഗോപാല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തള്ളിയത്.
അനധികൃത വാതുവെപ്പ് പ്ലാറ്റ്ഫോമായ മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കേസില്‍ യുഎഇ ആസ്ഥാനമായുള്ള വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ തുടങ്ങിയവയില്‍ പങ്കുള്ളതായി ഇഡി വ്യക്തമാക്കുന്നു. ഈ പ്രമോട്ടര്‍മാര്‍ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുകയാണ്.
അതേസമയം, ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതെന്ന് ബിജെപി ആരോപിച്ചു. പ്രചാരണത്തിന് പണം കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ഹവാല ഓപ്പറേഷനും അനധികൃത വാതുവെപ്പ് വഴിയുള്ള കള്ളപ്പണം കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
‘വാതുവെപ്പ് കളിയാണ് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖമുദ്ര. ഭൂപേഷ് ബാഗേലുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത്. അസിം ദാസ് എന്നയാളില്‍ നിന്ന് 5.30 കോടിയിലധികം രൂപ പിടിച്ചെടുത്തു. അത് സത്യമാണോ? കോണ്‍ഗ്രസ് നേതാക്കള്‍ അസിം ദാസില്‍ നിന്ന് പണം സ്വീകരിച്ചത് ശുഭം സോണി വഴിയാണോ? ബാഗേലിന് തിരഞ്ഞെടുപ്പ് ചെലവായി പണം നല്‍കാന്‍ ശുഭം സോണിയോട് അസിം ദാസ് പറഞ്ഞത് ശരിയാണോ?’, കേന്ദ്ര മന്ത്രി ചോദിച്ചു.
കൂടാതെ കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ‘ഇത് വലിയ അഴിമതിയാണ്. അഴിമതി നടത്തുകയും അധികാരത്തില്‍ വരികയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ശീലമാണ് കോണ്‍ഗ്രസിനുള്ളത്. ബാഗേലിന്റെ കളി ഇതോടെ അവസാനിക്കും, അയാള്‍ക്ക് ജയിലില്‍ പോകേണ്ടിവരും’, രാംദാസ് അത്താവലെ പറഞ്ഞു.
Discussion about this post