ഒരു കപ്പ് കാപ്പി നൽകുന്ന ഉന്മേഷം അത്ര ചെറുതല്ല അല്ലേ? എന്നാൽ കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അമിതവണ്ണം കുറയ്ക്കാൻ കാപ്പി കുടിച്ചാൽ മതി. എന്നാൽ സാധാരണ കാപ്പി അല്ല കേട്ടോ, ഭാരം കുറയ്ക്കാൻ ആയി കുടിക്കേണ്ടത് ഗ്രീൻ കോഫി ആണ്. അസംസ്കൃതമായതും വറുക്കാത്തതുമായ പച്ച കാപ്പിക്കുരു കൊണ്ടാണ് ഗ്രീൻ കോഫി നിർമ്മിക്കുന്നത്. കാപ്പിക്കുരു ഉണക്കി വറുക്കുമ്പോൾ ചില ഘടകങ്ങൾ അതിൽനിന്നും നഷ്ടപ്പെടും. ഈ നഷ്ടപ്പെടുന്ന ഘടകങ്ങളാണ് യഥാർത്ഥത്തിൽ ഭാരം കുറയ്ക്കാനായി സഹായിക്കുന്നത്. ഈ കാരണത്താലാണ് അസംസ്കൃതമായ പച്ച കാപ്പിക്കുരു ഉപയോഗിച്ച് ഗ്രീൻ കോഫി നിർമ്മിക്കുന്നത്.
ഉണക്കി വറുത്ത കാപ്പിക്കുരു കൊണ്ട് ഉണ്ടാക്കുന്ന കാപ്പി പോലെ അത്ര രുചികരമല്ല ഗ്രീൻ കോഫി. എങ്കിലും ശരീരഭാരം കുറയ്ക്കേണ്ടവർക്ക് ഇത് ഏറെ ഗുണകരമാണ്. ഗ്രീൻ കോഫിയിൽ ധാരാളം ക്ലോറോജെനിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കഫീനും ഈ കാപ്പിയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ക്ലോറോജെനിക് ആസിഡിന്റെ സാന്നിധ്യം ശരീരത്തെ ഗ്ലൂക്കോസും കൊഴുപ്പും കത്തിക്കാനും കാർബോഹൈഡ്രേറ്റിന്റെ ആഗിരണം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും ലിപിഡ് പ്രൊഫൈൽ നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയാനും ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്.
ഗ്രീൻ കോഫിയുടെ പതിവായുള്ള ഉപയോഗം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുന്നു. ഗ്രീൻ കോഫി രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുന്ന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ്.
ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും മിതമായ അളവിൽ മാത്രമാണ് ഗ്രീൻ കോഫി ഉപയോഗിക്കേണ്ടത്. ഒരു ദിവസം രണ്ട് കപ്പ് ഗ്രീൻ കോഫി മാത്രമാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്ന അളവ്. ഗ്രീൻ കോഫിയുടെ അമിതമായ ഉപയോഗം ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടാവുന്നതാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഗ്രീൻകാഫി ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ പ്രത്യേക നിർദ്ദേശം തേടേണ്ടത് ആവശ്യമാണ്.
Discussion about this post