ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ഭാരതിയുടെ പരാമർശം ഡിഎംകെ മുന്നോട്ട് വെക്കുന്ന വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മകുടോദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കേ ഇന്ത്യയിലെ സഹോദരീ സഹോദരന്മാരെ ഡിഎംകെയുടെ ഒരു മുതിർന്ന നേതാവ് അധിക്ഷേപിച്ചിരിക്കുകയാണ്. അതുല്യമായ സംസ്കാരത്തിന് ഉടമകളാണ് നാഗാ ജനത. ധീരന്മാരായ നാഗാ ജനതയുടെ മനോഹരമായ സംസ്കാരം കണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഡിഎംകെ പ്രവർത്തകർക്ക് 50 ടിക്കറ്റുകൾ എടുത്ത് നൽകാൻ താൻ തയ്യാറാണെന്നും അണ്ണാമലൈ പറഞ്ഞു.
നാഗാ ജനതയെ നായയെ തീനികൾ എന്നാണ് ഡിഎംകെ നേതാവ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് ആകെ അപമാനകരമാണ്. നമ്മുടെ സംസ്കാര വൈവിധ്യത്തെയാണ് അവർ അപമാനിച്ചിരിക്കുന്നത്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. അണ്ണാമലൈ കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളെ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ അപമാനിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ സാമൂഹിക നീതി. ഇതിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് എന്താണ് പറയാനുള്ളതെന്നും അണ്ണാമലൈ ചോദിച്ചു.
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ പരാമർശത്തിനിടെ ആയിരുന്നു ആർ എസ് ഭാരതി നാഗാലാൻഡ് ജനതയെ അധിക്ഷേപിച്ചത്. നായയെ തീനികളായ നാഗന്മാർ പോലും ഓടിച്ചു വിട്ട രവിയെ ഉപ്പും ചോറും തിന്നുന്ന തമിഴന്മാർ വെച്ച് പൊറുപ്പിക്കില്ല എന്നായിരുന്നു ഭാരതിയുടെ വാക്കുകൾ.
Discussion about this post