ഹൈദരാബാദ്: തെലങ്കാനയിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാനുറച്ച് സിപിഐ. സിപിഎം ബന്ധം ഉപേക്ഷിച്ച് വന്ന സിപിഐക്ക് കോൺഗ്രസ് ഒരു സീറ്റ് നൽകും. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് സിപിഐക്ക് നൽകുക.
കൊത്തഗുഡം മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി മത്സരിക്കുക. കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാൻ ധാരണയായത്. സീറ്റ് ധാരണയിലെ അതൃപ്തിയെ തുടർന്ന് നേരത്തേ കോൺഗ്രസ് സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു.
അതേസമയം, ബിജെപിക്കെതിരെ രൂപം കൊണ്ട ഇൻഡി സഖ്യം നിയമസഭാ സീറ്റിന്റെ പേരിൽ മദ്ധ്യപ്രദേശിലും തമ്മിൽ തല്ലി പിരിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും തമ്മിൽ ധാരണയിലെത്താനായില്ല. ഇതോടെ സംസ്ഥാനത്ത് ഇൻഡി സഖ്യം സാധ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനിടെ, 230 സീറ്റുകളിലും സമാജ് വാദി പാർട്ടി മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതാണ് കോൺഗ്രസിന് കനത്ത തിരിച്ചടിയായത്. ബിജെപിയെ പരാജയപ്പെടുത്താൻ പരമാവധി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള ആവശ്യത്തോട് അഖിലേഷ് മുഖം തിരിക്കുകയായിരുന്നു.
Discussion about this post