കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തു. വിഷയത്തിൽ അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനമെടുക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ തീരുമാനം എടുക്കാനുള്ള അവകാശം സർക്കാരിനാണെന്ന് വ്യക്തമായി.
ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. തൃശൂർ പൂരം വെടിക്കെട്ടിന് പ്രതികൂല ഉത്തരവുകൾ ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
അസമയം ഏതെന്ന് സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്. 2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുള്ളതും സർക്കാർ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.
Discussion about this post