തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്ത് കേസിലും നടപടിയുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറടക്കമുള്ള പ്രതികള്‍ക്ക് 65 ലക്ഷം വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസില്‍ നിലവില്‍ നാല് പ്രതികളാണ് ഉള്ളത്.
സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവര്‍ക്കാണ് 65 ലക്ഷം വീതമുള്ള പിഴ. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്ര കുമാറാണ് ഉത്തരവിട്ടത്. കൂടാതെ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടി പിഴ ചുമത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെയും കസ്റ്റംസ് നടപടിയുണ്ട്. ഇയാള്‍ 1.3 കോടിയാണ് പിഴയായി അടയ്ക്കേണ്ടത്.
സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിയതിലും അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ തുടര്‍ നടപടിയായിട്ടാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. എം. ശിവശങ്കര്‍ സ്വര്‍ണം കടത്തിയതിനും ഡോളര്‍ക്കടത്തിയതിലും പ്രധാന സൂത്രധാരനായി പ്രവര്‍ത്തിച്ച് പങ്കാളിയായിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ പ്രതികള്‍ക്ക് മൂന്നു മാസത്തേക്ക് അപ്പീല്‍ സമര്‍പ്പിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷമാകും സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുക.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികള്‍ക്ക് മൊത്തം 66.60 കോടി രൂപയാണ് കസ്റ്റംസ് പിഴ ചുമത്തിയത്. ശിവശങ്കറിന് 50 ലക്ഷവും സ്വപ്‌നയടക്കമുള്ള ബാക്കി പ്രതികള്‍ ആറ് കോടി രൂപയും പിഴയൊടുക്കണമെന്നുംഉത്തരവില്‍ പറയുന്നു.
Discussion about this post