തിരുവനന്തപുരം; കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി. യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആണ് പരാതി നൽകിയത്. വിഷയത്തിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് പരാതി.
കേന്ദ്ര പട്ടിക വർഗ കമ്മീഷൻ അംഗം അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തിയാണ് ശ്യാംരാജ്
പരാതി നൽകിയത്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭ്യമാക്കാത്തതും മധുവിന്റെ ആൾക്കൂട്ട കൊലപാതകവും അട്ടപ്പാടിയിലെ പോഷകാഹാരക്കുറവും വയനാട്ടിലെ സ്‌കൂളുകളിൽ നിന്നുമുള്ള ഡ്രോപ്പ് ഔട്ടും ഇടുക്കിയിലെ യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ സംഭവമുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചതായും ശ്യാംരാജ് പറഞ്ഞു.
കോടികൾ ചിലവിട്ട് നടത്തിയ കേരളീയം പരിപാടിയിൽ ഫോക് ലോർ അക്കാദമി ഒരുക്കിയ ആദിമം ലിവിങ് മ്യൂസിയത്തിന്റെ ഭാഗമായിട്ടാണ് ആദിവാസി വിഭാഗങ്ങളെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുടിലുകൾക്ക് മുൻപിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
കാണി , മന്നാൻ , പളിയർ , മാവിലർ , ഊരാളികൾ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകൾ, അവരുടെ കലാരൂപങ്ങൾ തുടങ്ങിയവ അവരുടെ ജീവിത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഇവരെ പ്രദർശന വസ്തുവാക്കി അവതരിപ്പിച്ചത്. ഇടുക്കിയിലെ തൊടുപുഴയിൽ നിന്നുമുള്ള ഊരാളി സമുദായാംഗങ്ങളെ ഉൾപ്പെടെയാണ് തിരുവനന്തപുരം കനകക്കുന്നിൽ ഇങ്ങനെ അണിയിച്ചൊരുക്കി നിർത്തിയത്.
ചാറ്റ് പാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതു കളി, മംഗലം കളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകളും തെയ്യം, മുടിയേറ്റ്, പടയണി, സർപ്പം പാട്ട്, പൂതനും തിറയും തുടങ്ങിയ അനുഷ്ഠാന കലകളും അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ ഇവിടെ അവതരിപ്പിക്കപ്പെടുന്നുവെന്ന് ആയിരുന്നു ഫോക് ലോർ അക്കാദമി അവകാശപ്പെട്ടത്.
Discussion about this post