തിരുവനന്തപുരം: യശസ്സ് വർദ്ധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയത്തിൽ സംസ്ഥാനത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന വിമർശനവുമായി ബിജെപി. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് നടന്നത്.കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിന് നേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മാനവീയം വീഥിയിൽ രാത്രി മുഴുവൻ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് പറഞ്ഞാണ് യുവതി- യുവാക്കളെ അങ്ങോട്ട് ക്ഷണിച്ചത്. പക്ഷേ അവിടെ എത്തിയവർക്ക് നേരിടേണ്ടി വന്നത് ഭീകരമായ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ യഥാർത്ഥ ചിത്രം ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുക്കാൻ വേണ്ടിയും, കേരളത്തിന്റെ സാംസ്‌കാരിക തനിമ, കേരളത്തിന്റെ ഉദാത്തമായിട്ടുള്ള പൈതൃകം ഇതെല്ലാം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കാനുമാണ് കേരളീയം എന്നാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞത്. പക്ഷേ നാട്ടുകാർ കണ്ടത് മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും ഏറ്റുമുട്ടുന്നതാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റി എന്നത് മാത്രമാണ് നേട്ടമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു എന്നാണ് മനസ്സിലാകുന്നത്.കോടിക്കണക്കിന് രൂപയുടെ ധൂർത്താണ് നടന്നിരിക്കുന്നത്. ഇന്നലെ പുറത്തു വന്നിരിക്കുന്ന ഒരു വിവരം ഇവിടുത്തെ കരാറുകാരിൽ നിന്നും ക്വാറിക്കാരിൽ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നാണ്. ഇരുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങിയ ഒരു കേസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെ കൊണ്ട് വിളിപ്പിക്കുകയാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തിരിക്കുന്നത്. മാർക്‌സിസ്റ്റ് പാർട്ടി നേതാക്കന്മാർക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാൻ ആരാണ് ഈ കാര്യത്തിൽ അവസരം കൊടുത്തത് എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി ഇതിന്റെ പേരിൽ പണം പിരിക്കാൻ സാധിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
Discussion about this post