തൃശൂർ: നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് നേരെ പൊതുവേദിയിൽ തട്ടിക്കയറുകയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്ത തൃശൂരിലെ ലേഖികയെ റിപ്പോർട്ടർ ചാനൽ സ്ഥലംമാറ്റിയതായി സൂചന. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മാനേജ്‌മെന്റിന്റെ നടപടി.
കഴിഞ്ഞ ദിവസം ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തൃശൂരിലെ ഗിരിജ തിയറ്റർ സന്ദർശിക്കുന്നതിനിടെയാണ് റിപ്പോർട്ടർ ചാനൽ പ്രതിനിധി സുരേഷ് ഗോപിക്ക് നേരെ പ്രകോപനമായി പെരുമാറിയത്. മീഡിയ വൺ ലേഖികയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയെ കരുതിക്കൂട്ടി അവഹേളിക്കാൻ ശ്രമിച്ചത്.
ഒപ്പമുണ്ടായിരുന്നവർ വിലക്കിയിട്ടും സുരേഷ് ഗോപിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രീതിയിൽ ഇവർ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. നോ ബോഡി ടച്ചിംഗ് എന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തകരിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രകോപനം. ഇത്തരം ഇടങ്ങളിൽ മാദ്ധ്യമപ്രവർത്തകർ പാലിക്കേണ്ട സമാന്യമര്യാദ പോലും കാറ്റിൽപറത്തിയ പെരുമാറ്റം സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും എന്ത് കോടതി എന്നായിരുന്നു റിപ്പോർട്ടറുടെ മറുചോദ്യം. തുടർന്ന് ഇവരെ മാറ്റി നിർത്തിയ ശേഷമാണ് സുരേഷ് ഗോപി ബാക്കി മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്.
സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് മാദ്ധ്യമപ്രവർത്തക ചെയ്തതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുളള നീക്കമാണിതെന്നുമുളള വിമർശനവും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
Discussion about this post