കണ്ണൂർ: ലൈംഗികാതിക്രമത്തിൽ സൗദി വനിതയുടെ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന മലയാളി വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസും. ആദ്യ ഭാര്യയുടെ പരാതിയിൽ ധർമ്മടം പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി കേസ് ഇടുക്കി പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറിയതായി ധർമ്മടം പോലീസ് അറിയിച്ചു. ഗാർഹിക പീഡനം, ശൈശവ വിവാഹം തുടങ്ങിയ വെളിപ്പെടുത്തലുമായി ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു.
സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഷാക്കിറിനെതിരെ കേസ് എടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം സെൻട്രൽ പോലീസായിരുന്നു. പരാതി നൽകിയ സമയത്ത് ഷാക്കിർ വിദേശത്തായിരുന്നു. അതിനിടയിൽ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ നാട്ടിൽ എത്തി. ചോദ്യം ചെയ്യലിനായി ഷാക്കിർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
വിദേശത്തുള്ള ഷാക്കിർ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു സൗദി വനിതയുടെ പരാതി. അഭിമുഖത്തിന്റെ പേരിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു, അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം.
Discussion about this post