എറണാകുളം: പോലീസിനായി തെളിവുകൾ സൂക്ഷിച്ചുവച്ചതിന്റെ കാരണം വ്യക്തമാക്കി കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ . സംഭവത്തിന്റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന് ഇയാൾ പോലീസിന് മൊഴി നൽകി. എല്ലാം ഒറ്റയ്ക്കാണ് ചെയ്തത് എന്നും, ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണം. മറ്റാരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കരുത്. അതിന് വേണ്ടിയാണ് തെളിവുകൾ ശേഖരിച്ചുവച്ചത്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ആരും സഹായിച്ചിട്ടില്ല. യഹോവ സാക്ഷികളുമായി കുറേ കാലങ്ങൾക്കായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇവർക്കെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേരളത്തിലേക്ക് വന്നത്. എല്ലാം ആസൂത്രണം ചെയ്തത് പ്രകാരമാണ് നടപ്പിലാക്കിയത് എന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി.
നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ് മാർട്ടിൻ. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഒറ്റയ്ക്കാണ് ഇയാൾ കൃത്യം ചെയ്തത് എന്ന് ആവർത്തിക്കുമ്പോഴും പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. മാർട്ടിന്റെ വിദേശബന്ധവും സാമ്പത്തികശ്രോതസ്സും പരിശോധിക്കുന്നുണ്ട്.
Discussion about this post