തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കൊട്ടിഘോഷിച്ച് നടന്ന കേരളീയം ധൂർത്തിലെ ആദിവാസി പ്രദർശനവിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്നും വലിയ ജനശ്രദ്ധ നേടിയ കേരളീയം പരിപാടിയുടെ ശോഭ കെടുത്താനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നാടോടി, ഗോത്ര കലാകാരന്മാർക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയത്തിൽ ഒരുക്കിയ ‘ആദിമം’ എന്ന പരിപാടി. പന്തക്കാളി, കളവും പുള്ളുവൻ പാട്ടും, മുടിയേറ്റ്, തെയ്യം, പടയണി എന്നിവയോടൊപ്പം പളിയനൃത്തവും അവതരിപ്പിച്ചിരുന്നു. ഇത് ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ്. ഫോക്ലോർ അക്കാദമിയാണ് അവസരം ഒരുക്കിയത്. കഥകളി, ഓട്ടൻതുള്ളൽ, തിരുവാതിരക്കളി പോലെയുള്ള ഒരു കലാരൂപമാണ് പളിയനൃത്തവും. ആ കലാരൂപത്തിൻറെ ഭാഗമായി, പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകൾക്ക് മുന്നിൽ ഇരുന്ന കലാകാരൻമാരെ പ്രദർശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ആദിവാസികളെ ഷോക്കേസ് ചെയ്തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പിൽ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിന്റെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം
Discussion about this post