എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷാ വിധിയിൽ ഇന്നും വാദം തുടരും. അസ്ഫാഖിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയ്ക്ക് ലഭിച്ചിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.
എറണാകുളം പോക്‌സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മാനസിക നില സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ അടക്കം 16 കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്. ഈ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടുണ്ട്.
പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഈ സാഹചര്യത്തിലാണ് മാനസിക നില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. വാദത്തിനിടെ ഇയാളുടെ മാനസിക ആരോഗ്യം സംബന്ധിച്ച വിവരങ്ങളും കോടതി തേടിയിരുന്നു.
പ്രതിയുടെ മനസിക നില പരിശോധന റിപ്പോർട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറിലാണ് നൽകിയത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ടായി ഹാജരാക്കിയിട്ടുണ്ട്.
Discussion about this post