ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നുവോ? ഇന്ന് പലരും അനുഭവിക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും മാറ്റം വരും. ചർമത്തിൽ ചുളിവുകളും വരകളും വരും. ഇത് ഒരു പരിധിവരെ നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യും. ചർമത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിർത്തുന്നത് കൊളാജിനാണ്. അതിനാൽ, കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഒരുപരിധിവരെ നമ്മുടെ ചർമം സംരക്ഷിച്ചു നിർത്താൻ സാധിക്കും. ഏതൊക്കെയാണ് അവയെന്ന് നമുക്ക് നോക്കാം
ആപ്പിൾ
An apple a day keep the doctor away എന്ന് കേട്ടിട്ടില്ലേ? ചർമ്മത്തിന്റെ കാര്യത്തിൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ചർമത്തിൽ ജലാംശം നിലർത്താൻ സഹായിക്കും.
പപ്പായ
ബ്യൂട്ടിപാർലറുകളിൽ ചെന്ന് ആയിരങ്ങൾ മുടക്കി പപ്പായ ഫേഷ്യൽ ചെയ്യുന്നവരെ കണ്ടിട്ടില്ലേ. പല സൗന്ദര്യവർദ്ധക വസ്തുക്കളിലും പപ്പായ ഉപയോഗിക്കുന്നത് അതിന്റെ അത്ഭുതപൂർവ്വമായ ഗുണങ്ങൾ കാരണമാണ്.വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധമായ പപ്പായയിൽ 91-92 ശതമാനം വരെ ജലാംശം ഉണ്ട്. മിനറുകളും നാരുകളും ആന്റി ഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. അതിനാൽ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഓറഞ്ച്
വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ പ്രശ്നങ്ങളെ തടയുകയും സ്വാഭാവികമായ രീതിയിൽ ചർമത്തിന് ജലാംശം നൽകുകയും വരൾച്ച, ചുളിവുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു. കൂടാതെ, ചർമം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
അവക്കാഡോ
പണ്ട് വിദേശിയും ഇന്ന് നമ്മുടെ സ്വന്തക്കാരനുമാണ് അവക്കാഡോ പഴം. നമ്മുടെ നാട്ടുകളിൽ ഇന്ന് ജ്യൂസുകളിലും ഷേക്കുകളിലും ഉപയോഗിക്കുന്ന ഈ പഴം ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിർത്തുന്ന കൊളാജിൻ വധിപ്പിക്കാൻ അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാന്റി ആസിഡ് സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഇതിന് കഴിയും. അതുകൊണ്ടുതന്നെ ചർമം കൂടുതൽ ചെറുപ്പമായി തോന്നിക്കുകയും ചെയ്യും. അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും.
കിവി
വില അൽപ്പം കൂടുതലാണെങ്കിലും ഗുണത്തിൽ കേമനാണ് കിവിപഴം. സ്ഥിരമായി കിവി പഴം കഴിച്ചാൽ, അത് ചർമ്മം ചുളുങ്ങുന്നത് തടയുവാൻ സഹായിക്കുന്നു. കിവിയിൽ അടങ്ങിയിരിക്കുന്നത് 154 ശതമാനം വിറ്റാമിൻ സി ആണ്. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ ഇരട്ടിയിലധികം അളവ് വരും ഇത്. ശക്തമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കിവി പഴം അപകടകരമായ മൂലധാതുക്കളെ നീക്കം ചെയ്യുവാനും സഹായിക്കുന്നു.
ഗോജി ബെറി
നല്ല ഓറഞ്ച് കലർന്ന ചുവപ്പ് നിറമുള്ള പഴമാണ് ഗോജി ബെറി. നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലുള്ളതല്ല ഈ പഴം. ചർമ്മ സംരംക്ഷണത്തിന് വളരെ ഉത്തമമാണ് ഈ പഴം. ആന്റി ഏജിംഗ് ഗുണങ്ങളുള്ളവയാണ് ഗോജി ബെറികൾ. പ്രായം കൂടുന്നത് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തടയാൻ ഇവയ്ക്ക് കഴിയും.കൂടാതെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചുളിവുകളെയും കൊളാജൻ തകരാറുകളെയും പരിഹരിക്കാനും ഇവയ്ക്ക് കഴിയും. ഭൂരിഭാഗം സൗന്ദര്യവർധക ഉത്പ്പന്നങ്ങളിലെ പ്രധാനഘടകമായ ഫൈറ്റോകെമിക്കൽ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ ഗോജി ബെറികളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിലെ വീക്കം, ചുളിവുകൾ തുടങ്ങിയവയെ തടയാൻ ഇവ സഹായിക്കും.സ്ട്രോബറി, ബ്‌ളൂബെറി, റാസ്ബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ അരോഗ്യത്തിന് ഏറെ നല്ലതാണ്.
ഡ്രാഗൺ ഫ്രൂട്ട്
വിദേശരാജ്യങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ ഇപ്പൊ കേരളത്തിലും ഡ്രാഗൺ ഫ്രൂട്ട് സുലഭമാണ്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. കാൻസർ, അകാല വാർധക്യം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആൻറി ഓക്സിഡന്റുകൾ, വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുളള ഡ്രാഗൺ ഫ്രൂട്ടിന് ശരീരത്തിൻറെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും, പ്രമേഹം, കൊളസ്‌ട്രോൾ, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ചർമത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനുള്ള കഴിവുമുണ്ട്. മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് മാത്രമല്ല പ്രായം അകറ്റാൻ സഹായിക്കുകയും ചെയ്യും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ചർമ്മം തിളങ്ങാനും സഹായിക്കും.
ഈ പഴങ്ങൾ എല്ലാം തന്നെ വേവിക്കാതെ തനിയെ കഴിക്കുന്നതാണ് ഉത്തമം. ജ്യൂസ് അടിച്ച് കഴിക്കാനാണ് ഇഷ്ടമെങ്കിൽ പഞ്ചസാര ചേർക്കാതെ ഉപയോഗിക്കുന്നതാണ് ഗുണം നൽകുന്നത്.
Discussion about this post