പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി അയ്യൻ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ്. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷനാണ് ആപ്പ് നിർമ്മിച്ചത്. അയ്യപ്പൻമാർക്കായുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.
ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും നിർദ്ദേശങ്ങളുമാണ് ആപ്പിൽ ഉള്ളത്. ഇതിന് പുറമേ പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, എരുമേലി, അഴുതക്കടവ്, സത്യം, ഉപ്പുപാറ പാതകളിൽ ലഭിക്കുന്ന സേവനങ്ങളും ഇതിലൂടെ അറിയാം.
മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസ സൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ അറിയാം. പോലീസ്, ഫയർഫോഴ്‌സ്, എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രം, ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്കുള്ള ദൂരം തുടങ്ങിയ കാര്യങ്ങളും ആപ്പിൽ ഉണ്ട്.
അഞ്ച് ഭാഷകളിലാണ് ആപ്പ് തയ്യാറായിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും ആപ്പ് ഡൗൺ ചെയ്യാം. ഓഫ് ലൈനിനും ഓൺലൈനിനും ഈ ആപ്പ് പ്രവർത്തിപ്പിക്കാം.
Discussion about this post